Ultimate magazine theme for WordPress.

പിടി തോമസ്  എംഎല്‍എ അന്തരിച്ചു

0

കൊച്ചി: തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു പി ടി തോമസ്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം.

 

- Advertisement -

തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായിരുന്നു. ഇടുക്കി
യെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് തോമസിന്റെ ജനനം. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്.

തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കെഎസ് യു വിലൂടെ പൊതുരംഗത്തേക്ക്

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. കെഎസ്‌യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ തോമസ് പ്രവര്‍ത്തിച്ചു.

തൊടുപുഴയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക്

1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തോമസ് 1980 മുതല്‍ കെപിസിസി, എഐസിസി അംഗമാണ്. 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും നിയമസഭയിലെത്തി. 1996ലും 2006ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.

2007ല്‍ ഇടുക്കി ഡിസിസിയുടെ പ്രസിഡന്റായി. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി വിഷയങ്ങളിലെ ശക്തമായ നിലപാടു മൂലം പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ടു. എന്നാൽ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിരുന്നില്ല.. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി. സര്‍ക്കാരിനെതിരെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ നാവായിരുന്നു പിടി തോമസ്.

പരിസ്ഥിതി സംരക്ഷണത്തില്‍ എന്നും ഉറച്ച നിലപാട്

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പിടി തോമസ് ശക്തമായ നിലപാടുകള്‍ എടുത്തിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നതായിരുന്നു തോമസിന്റെ ഉറച്ച നിലപാട്. ഇതിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നപ്പോഴും നിലപാടില്‍ നിന്നും അണുവിട പിന്നോട്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല.’എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.