Ultimate magazine theme for WordPress.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ 500 കോടി രൂപ വരെ പിഴ; ബില്ലില്‍ ഭേദഗതി, കരട് പുറത്ത്‌

0

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിഴ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു.

2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ നാലുശതമാനം പിഴയായി ഒടുക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതാണ് ഭേദഗതി ചെയ്ത് പിഴ തുക വര്‍ധിപ്പിച്ചത്.

- Advertisement -

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് സ്ഥാപിക്കാനും കരട് രേഖ നിര്‍ദേശിക്കുന്നു. ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുക. പ്രസ്തുത സ്ഥാപനം വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍ 500 കോടി രൂപ വരെ പിഴ ചുമത്താനാണ് പുതിയ വ്യവസ്ഥയില്‍ പറയുന്നത്. സ്ഥാപനത്തിന് പറയാനുള്ളത് കേട്ട ശേഷം മാത്രമേ പിഴ ചുമത്താന്‍ പാടുള്ളൂവെന്നും കരട് രേഖയില്‍ പറയുന്നു.

ഡിസംബര്‍ 17ന് കരട് രേഖയിന്മേല്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സൗകര്യം ഒരുക്കും. ഡേറ്റാ പ്രോസസറിന്റെ കാര്യത്തിലും സമാന വ്യവസ്ഥകളാണ് നിലനില്‍ക്കുന്നത്. ഡേറ്റാ സംരക്ഷണത്തിനും ഡേറ്റാ പ്രോസസര്‍ ബാധ്യസ്ഥരാണ്. വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 250 കോടി രൂപ വരെ പിഴ ചുമത്താമെന്നാണ് കരട് രേഖ പറയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.