മൂന്നാം ട്വന്റി20; ജയം തുടരാന്‍ കോഹ്‌ലിയും കൂട്ടരും

0

സിഡ്‌നി:  മൂന്നാം ട്വന്റി20യില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ കോഹ് ലി ബൗളിങ് തെരഞ്ഞെടുത്തു. തുടരെ മൂന്നാം ടി20യിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടംനേടി.

രണ്ടാം ടി20യിലെ അതേ ഇലവനെയാണ് ഇന്ത്യ നിലനിര്‍ത്തിയത്. ഇന്ന് ജയം പിടിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. കാന്‍ബറയിലും സിഡ്‌നിയിലും നടന്ന ആദ്യ രണ്ട് ടി20യിലും ഇന്ത്യ ജയിച്ചു കയറിയിരുന്നു.

പരിക്കേറ്റ ആരോണ്‍ ഫിഞ്ച് ഓസീസ് നിരയിലേക്ക് തിരികെ എത്തി. സ്റ്റൊയ്‌നിസ് കളിക്കുന്നില്ല. ഇതൊഴിച്ചാല്‍ രണ്ടാം ടി20യില്‍ ഇറക്കിയ ടീമില്‍ നിന്നും ഓസ്‌ട്രേലിയക്ക് മറ്റ് മാറ്റങ്ങള്‍ ഇല്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ഫിഞ്ച് പറഞ്ഞു.

190 എന്ന സ്‌കോര്‍ സിഡ്‌നിയിലെ വിക്കറ്റില്‍ മികച്ചതായിരിക്കും എന്നാണ് കരുതുന്നത് എന്നും ഫിഞ്ച് പറഞ്ഞു. ചെറിയ ബൗണ്ടറികളും, കഴിഞ്ഞ കളിയില്‍ ചെയ്‌സ് ചെയ്ത് ജയിച്ചതിന്റെ ആത്മവിശ്വാസവുമാണ് ഈ കളിയില്‍ ബൗളിങ് തെരഞ്ഞെടുക്കാന്‍ കാരണം എന്ന് കോഹ് ലി പറഞ്ഞു.

ഇന്ന് ജയിച്ചാല്‍ ഇന്ത്യയുടെ തുടരെയുള്ള 10ാം ടി20 ജയമാവും അത്. 17 കളികള്‍ തുടരെ ജയിച്ചതിന്റെ റെക്കോര്‍ഡ് ആണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. കഴിഞ്ഞ 5 ടി20 ഉഭയകക്ഷി പരമ്പരകളില്‍ ഇന്ത്യ ജയിച്ചു കഴിഞ്ഞു. 2019 ഓഗസ്റ്റില്‍ വിന്‍ഡിസിനെതിരെ 3-0ന് ടി20 പരമ്പര സ്വന്തമാക്കിയും, പിന്നാലെ കിവീസിനെതിരെ 5-0ന് പരമ്പര പിടിച്ചതും ഈ കാലയളവിലെ കൂറ്റന്‍ ജയങ്ങളാണ്.

Leave A Reply

Your email address will not be published.

%d bloggers like this: