കലാപത്തിന് പിന്നാലെ ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്

0

വാഷിങ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെ ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ആയും പ്രഖ്യാപിച്ചത്. ബുധനാഴ്ച നടന്ന കലാപത്തിന് പിന്നാലെ നിര്‍ത്തിവച്ച സംയുക്ത കോണ്‍ഗ്രസ് യോഗം രാത്രിയോടെ പുനരാരംഭിച്ചു.

അരിസോണ, പെന്‍സില്‍വാനിയ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ ട്രംപ് അനുകൂലികളായ അംഗങ്ങള്‍ ജോ ബൈഡന്റെ വിജയ പ്രഖ്യാപനത്തെ എതിര്‍ത്തു. രണ്ട് മണിക്കൂര്‍ ഇവരുടെ വാദങ്ങള്‍ കേട്ട ശേഷം എതിര്‍പ്പ് കോണ്‍ഗ്രസ് വോട്ടിനിട്ട് തള്ളി.

അരിസോണയിലെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി നടന്ന വോട്ടെടുപ്പില്‍ സെനറ്റില്‍ 93-6ന് റിപ്ലബ്ലിക്കന്‍ വാദങ്ങളെ തള്ളിക്കളഞ്ഞു. ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ 303-121വോട്ടുകള്‍ക്ക് റിപ്പബ്ലിക്കന്‍ എതിര്‍പ്പിനെ തള്ളി.

പെന്‍സില്‍വാനിയയെ സംബന്ധിച്ച വോട്ടെടുപ്പില്‍ 92-7ന് സെനറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപണങ്ങളെ തള്ളി. ഹൗസ് ഓഫ് ദി റപ്രസന്റേറ്റീവ്‌സില്‍ 282-138 വോട്ടുകള്‍ക്കും എതിര്‍പ്പിനെ തള്ളി. നാല് ഇന്തോ-അമേരിക്കന്‍ അംഗങ്ങളും ട്രംപിന് എതിരായി വോട്ട് ചെയ്തു.

യു എസ് ക്യാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ക്യാപിറ്റോളിനെ ആക്രമിക്കാന്‍ അനുയായികളെ പ്രേരിപ്പിച്ച ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് അംഗങ്ങള്‍ ആരോപിച്ചു. ഇലക്ടറല്‍ കോളജിലെ തീരുമാനം അംഗീകരിക്കുന്നതിനാണ് കോണ്‍ഗ്രസ് ചേര്‍ന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപ് ഇത് പ്രതിരോധിക്കുകയും ജനാധിപത്യത്തെ തടസ്സപ്പെടുത്തുകയുമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം സ്റ്റീവന്‍ ഹോസ്‌ഫോര്‍ഡ് ആരോപിച്ചു.

അതേസമയം, ട്രംപ് അനുകൂലികള്‍ നത്തിയ കലാപത്തിലും ഇതിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിലും നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹൗസിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ടണല്‍ മാര്‍ഗം പുറത്തുകടക്കുകയായിരുന്നു.

ജനുവരി 20ന് ബൈഡനും കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യും. അമേരിക്കന്‍ ജനാധിപത്യത്തന് നേരെ നടന്ന ആക്രമണം എന്നാണ് കലാപത്തെ ജോ ബൈഡന്‍ വിഷേഷിപ്പിച്ചത്.

നബംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എട്ട് കോടി വോട്ട് നേടിയാണ് ജോ ബൈഡനും കമല ഹാരിസും വിജയിച്ചത്. 306 ഇലക്ടറല്‍ കോളജ് വോട്ടുകളും ഇവര്‍ക്ക് ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: