ന്യുഡൽഹി: സ്ത്രീകള്‍ക്ക് ഇൻസ്റാഗ്രാമിലൂടെ അശ്ലീല സന്ദേശം അയക്കുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ രമേശ് നഗറിൽ താമസിക്കുന്ന 24 കാരനായ അംഗദ് സിംഗ് എന്ന യുവാവിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത്.
യുവാവ് സിഖ് പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ തേടിപ്പിടിച്ചാണ് അശ്ലീല സന്ദേശം അയച്ചിരുന്നത്. സിഖ് മതത്തിന് പുറത്തു നിന്നും വിവാഹം കഴിച്ചിരുന്ന സ്ത്രീകളെ തെരഞ്ഞ് പിടിച്ച് യുവാവ് അപമാനിച്ചിരുന്നതായും പരാതിയുണ്ട്. നിരവധി സ്ത്രീകളുടെ പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
യുവതികള്‍ നല്കിയ പരാതിയില്‍ പറഞ്ഞ ‘ഈസികെറ്റോ’ എന്ന അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അംഗദ് സിംഗിലേക്ക് എത്തിയത്. ഐപി അഡ്രസ് കണ്ടെത്തി ഇന്‍സ്റ്റഗ്രാമിന്റെ സഹായത്തോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.