അഭയ കേസിൽ അടയ്ക്ക രാജുവിന്റെ മൊഴി അവിശ്വസിനീയം; വിധിക്കെതിരെ മുൻ ജഡ്‌ജി

0

കൊച്ചി : വിവാദമായ അഭയ കൊലകേസിലെ ശിക്ഷാവിധിയെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ജഡ്ജി. വിധിയില്‍ പാകപ്പിഴയുണ്ടെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കൊച്ചി പാലാരിവട്ടത്ത് നിയമരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ സംവാദത്തിലാണ് ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ കൂടിയായ ജസ്റ്റിസ് ഏബ്രഹാം മാത്യുവിന്റെ വിമര്‍ശനം. ഈ വിഷയത്തില്‍ എബ്രഹാം മാത്യുവിന്റെ ലേഖനവും പുറത്തുവന്നിട്ടുണ്ട്.

കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്ന് ഏബ്രഹാം മാത്യു ആരോപിക്കുന്നു. വിധിന്യായത്തില്‍ കുറ്റപത്രത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. 2019 ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു രേഖപ്പെടുത്തിയ ശേഷമാണ് വിചാരണ തുടങ്ങിയത്. ആ ഉള്ളടക്കം വിധിയിലില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു.

സംഭവം എവിടെ നടന്നുവെന്നു കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ല. സിബിഐ പ്രോസിക്യൂട്ടര്‍ കുറ്റപത്രം വായിച്ചിട്ടില്ല. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നു പ്രോസിക്യൂഷന്‍ അന്വേഷിച്ചിട്ടില്ല. കൊലപാതകമാണ് എന്നതിന് വിധിന്യായത്തില്‍ തെളിവില്ല. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോണ്‍വന്റില്‍ അതിക്രമിച്ചുകയറി അഭയയെ പരുക്കേല്‍പ്പിച്ചു എന്നാണ് കുറ്റപത്രം. കൊലപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നില്ല എന്നും എബ്രഹാം മാത്യു പറയുന്നു.

കൈക്കോടാലി പോലെയുള്ള മാരകായുധം ഉപയോഗിച്ചു തലയ്ക്കടിച്ചു പരുക്കേല്‍പിച്ച് ബോധം കെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണറ്റിലെറിഞ്ഞുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അടുത്ത പറമ്പിലെ കൊക്കോമരത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ 5 നില ഹോസ്റ്റലിനു മുകളില്‍ നിന്നു രണ്ടു വൈദികര്‍ ടോര്‍ച്ചടിക്കുന്നതു കണ്ടുവെന്ന പ്രധാന സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ല. കുറ്റപത്രത്തിലെ ആരോപണത്തിനു വിരുദ്ധമായി വിചാരണ ചെയ്തതിനു ശേഷം വിചാരണത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുകയാണു ചെയ്തത്.

സിസ്റ്റര്‍ അഭയയുടെ ശരീരത്തിലെ പരുക്കുകള്‍ സാരമുള്ളതല്ല എന്നു ഡോക്ടര്‍ പറയുന്നു. വിധിന്യായത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയാത്ത ഏഴാമത്തെ മുറിവുണ്ട്, കഴുത്തില്‍ നഖക്ഷതമേറ്റെന്നാണ് ഇത്. ഫൊട്ടോഗ്രഫര്‍ പറഞ്ഞ ഈ മൊഴി പരിഗണിച്ച സിബിഐ, ഡോക്ടറുടെ മൊഴി തള്ളി. വിധിയിലെ പാകപ്പിഴയെക്കുറിച്ച് ഫൊറന്‍സിക് വിദഗ്ധന്‍ ഡോ.കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഡോ. കന്തസാമിയുടെ നേതൃത്വത്തില്‍ ഡമ്മി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍, രക്തസ്രാവം ഉണ്ടായതും വെള്ളത്തില്‍ വീണതോടെ വെള്ളം കുടിച്ചതും മരണകാരണമാണെന്ന് പറയുന്നു. മൃതദേഹം പോലും കാണാത്തയാളുടെ മൊഴി സ്വീകരിച്ചതു തെറ്റാണെന്നും ഏബ്രഹാം മാത്യു പറഞ്ഞു.

Leave A Reply

Your email address will not be published.

%d bloggers like this: