ട്രംപിനെ ഇംപീച്ച്‌ ചെയ്യാനുള്ള പ്രമേയത്തിന് പ്രതിനിധി സഭയുടെ അനുമതി

0

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാന്‍ നിര്‍ദേശിക്കുന്ന പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. ട്രംപിനെ പദവിയില്‍നിന്നു നീക്കം ചെയ്യുന്നതിന് ഇരുപത്തിയഞ്ചാം ഭേദഗതി പ്രയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോടു നിര്‍ദേശിക്കുന്ന പ്രമേയം 205ന് എതിരെ 233 വോട്ടിനാണ് പാസാക്കിയത്. ഇതോടെ രണ്ടു തവണ ഇംപീച്ച്‌മെന്റിനു വിധേയമാവുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് മാറി.

ജനുവരി ആറിന് കാപിറ്റോള്‍ ഹില്ലില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമത്തിന്റെ പേരിലാണ് പ്രസിഡിന്റിനെതിരായ പ്രമേയം. കാപിറ്റോള്‍ ഹില്‍ അക്രമത്തിന് ട്രംപ് ആഹ്വാനം നല്‍കിയെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

ട്രംപിനെതിരായ കുറ്റവിചാരണയ്ക്കുള്ള ഇംപീച്ച്‌മെന്റ് മാനേജര്‍മാരെ കഴിഞ്ഞ ദിവസം ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പ്രഖ്യാപിച്ചിരുന്നു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ മുഖ്യ ശില്‍പ്പിയായ ജാമി റസ്‌കിന്‍ ആണ് ലീഡ് മാനേജര്‍. ഡയാന ഡി ഗെറ്റെ, സ്റ്റേസി പ്ലാസ്‌കറ്റ്, മഡലിന്‍ ഡീന്‍ എന്നിവരാണ് മറ്റു മാനേജര്‍മാര്‍. പ്രസിഡന്റിന് എതിരായ കുറ്റങ്ങള്‍ സ്ഥാപിക്കുന്നതും പുറത്താക്കുന്നതും ഇവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

ട്രംപിനെ നീക്കം ചെയ്യുന്നിന് ഇരുപത്തിയഞ്ചാം ഭേദഗതി പ്രയോഗിക്കില്ലെന്ന് മൈക്ക് പെന്‍സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സഭ ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.

%d bloggers like this: