ലൈഫ് മിഷൻ പദ്ധതി: ഹസ്സനെ തള്ളി മുല്ലപ്പള്ളി

0

കോഴിക്കോട് : അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചു വിടില്ല. പട്ടിണിപ്പാവങ്ങളായ നിരവധി പേര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍. അതിനാല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പദ്ധതി ഒരിക്കലും പിരിച്ചുവിടില്ല.

മുകളിലാകാശം മാത്രമായി നില്‍ക്കുന്ന പതിനായിരക്കണക്കിന് പാവങ്ങളുണ്ട്. അവര്‍ക്കൊരു ഭവനപദ്ധതി. ആ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. യുഡിഎഫ് നാളെ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകും. ഈ നാട്ടില്‍ വീടില്ലാത്ത ഒരാളുപോലും ഉണ്ടാകാന്‍ പാടില്ല എന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹസ്സന്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന് അഭിപ്രായപ്പെട്ടത്.

ഹസ്സന്റേത് നാക്കുപിഴവാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. ലൈഫ് പദ്ധതി പിരിച്ചുവിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സാധാരണക്കാര്‍ക്ക് വീടു വെച്ചുകൊടുക്കുന്ന പദ്ധതിയെ ആര്‍ക്കെങ്കിലും എതിര്‍ക്കാന്‍ കഴിയുമോ. എതിര്‍ക്കുന്നത് പദ്ധതിയില്‍ നടന്ന അഴിമതിയെയാണെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

%d bloggers like this: