Take a fresh look at your lifestyle.

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു; 5 പേർ അറസ്റ്റിൽ

0

ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച ശേഷം കറിവെച്ചു കഴിച്ച സംഭവത്തിൽ അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറയിലാണ് സംഭവം.

മുനിപാറ സ്വദേശികളായ പി.കെ. വിനോദ്, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെയാണ് മാങ്കുളം വനം റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വനം വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. വിനോദിന്റെ കൃഷിയിടത്തിലായിരുന്നു പുലിക്കു വേണ്ടി കുടുക്ക് വെച്ചിരുന്നത്. ആറുവയസ്സ് പ്രായം വരുന്ന അമ്പതു കിലോയോളം ഭാരമുള്ള പുള്ളിപ്പുലിയെ ആണ് ഇവർ കൊന്നത്. പുലിയുടെ പല്ലും തോലും ഇറച്ചിയുടെ ബാക്കിഭാഗവും വനം വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഒന്നാം പ്രതിയായ വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

അന്വേഷണത്തിൽ വനംവകുപ്പ് ജീവനക്കാരായ അജയ് ഘോഷ്, ദിലീപ് ഖാൻ, അബ്ബാസ്, ജോമോൻ, അഖിൽ, ആൽബിൻ, സാബു കുര്യൻ, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Leave A Reply

Your email address will not be published.