ഹൈദരാബാദ് : തമിഴ്നാട്ടിലെ ഹൊസൂർ മൂത്തൂറ്റ് ശാഖയില്‍ നിന്നും ഏഴരകോടിയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറുപേരെ ഹൈദരാബാദില്‍ നിന്നും പോലീസ് പിടികൂടി.
ഹൊസൂരിലെ മുത്തൂറ്റ് ബ്രാഞ്ചില്‍ നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. 96000 രൂപയും പ്രതികള്‍ കൊള്ളയടിച്ചിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണം പൊലീസ് കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് -കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപ്പകലാണു കൊള്ള നടന്നത്. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന് മുനയില്‍ നിര്‍ത്തി.
കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. നൊടിയിടയില്‍ സംഘം കടന്നുകളയുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവി റെക്കോര്‍ഡറും കവര്‍ച്ചാ സംഘം എടുത്തുകൊണ്ടുപോയിരുന്നു.