സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; 39.7 ശതമാനം കേസുകളും കേരളത്തിൽ നിന്ന്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരില്‍ 39.7 ശതമാനവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. ഇക്കഴിഞ്ഞ ആഴ്ചയിൽ മാത്രം കേരളത്തിലെ കൊവീഡ് രോഗികളുടെ എണ്ണം 42430 ആണ്. അതിനു മുന്നത്തെ ആഴ്ചയിലിത് 36700 മാത്രമായിരുന്നു. 15 ശതമാനം വര്‍ധനയാണ് ഒഴാഴ്ചകൊണ്ടുണ്ടായത്.
കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് കോവിഡ് ബാധിതരില്‍ 65 ശതമാനവും. രാജ്യത്തെ ആകെ ആക്ടിവ് കേസുകളുടെ 25 ശതമാനമാണ് മഹാരാഷ്ട്രയില്‍ ഉള്ളത്-46,057 പേര്. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ 1.73 ശതമാനം മാത്രമാണ് ആക്ടിവ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നു രാവിലെ എട്ടു മണിവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,15,504 പേര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയത്. ഇന്നലെ മാത്രം 33,303 പേര് വാക്സിന് സ്വീകരിച്ചു. ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 96.83 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയത് കേരളത്തിലാണ്. 5173 പേരാണ് ഒറ്റ ദിനം കേരളത്തില്‍ രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ 1743 പേര് വൈറസ് മുക്തരായി.
കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,53,470 പേരാണ്.