Take a fresh look at your lifestyle.

വീണ്ടും പ്രസിഡന്റായാല്‍ വൈറ്റ് ഹൗസിലെ വിരുന്നില്‍ സുക്കര്‍ബര്‍ഗിന് ക്ഷണമുണ്ടാവില്ലെന്ന് ട്രംപ്‌

0

വാഷിങ്ടണ്‍ ഡി.സി: 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും യു.എസ് പ്രസിഡന്‍റായാല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ക്ഷണിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ്. രണ്ട് വര്‍ഷത്തേക്ക് ട്രംപിനെ ഫേസ്ബുക് വിലക്കിയതിന് പിന്നാലെയാണ് പ്രതികരണം. 2023 ജനുവരിയില്‍ മാത്രമേ ട്രംപിന്‍റെ വിലക്ക് നീക്കൂവെന്നാണ് ഫേസ്ബുക് അറിയിച്ചത്.

ആഗസ്റ്റ് മാസത്തോടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിവരാനോ, അല്ലെങ്കില്‍ 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാനോ സാധിക്കുമെന്ന പ്രതീക്ഷ ട്രംപിനുണ്ടെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാത്ത ട്രംപ് വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചിരുന്നു. ട്രംപിനെ നേരിയ വ്യത്യാസത്തില്‍ തോല്‍പിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിങ് പുരോഗമിക്കുകയാണ്. പെന്‍സില്‍വാനിയായിലും റീകൗണ്ടിങ്ങിനുള്ള നടപടികള്‍ ആലോചിച്ചു വരുന്നു. ആഗസ്റ്റോടെ കൗണ്ടിങ് പൂര്‍ത്തിയായാല്‍ രണ്ടു സംസ്ഥാനങ്ങളും ലഭിക്കുമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ.

അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ പരാജയ​പ്പെട്ടതിന്​ പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളില്‍ അതിക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിച്ച്‌​ പോസ്റ്റിട്ടതിനെ തുടര്‍ന്ന്​ കഴിഞ്ഞ ജനുവരിയില്‍ അനിശ്​ചിത കാലത്തേക്ക്​ സമൂഹ മാധ്യമങ്ങളില്‍ ട്രംപിന് വിലക്ക്​ വീണിരുന്നു. സമയം നിശ്​ചയിക്കാത്ത വിലക്കിനെതിരെ ഫേസ്​ബുക്ക്​ ​ഓവര്‍സൈറ്റ്​ ബോര്‍ഡ്​ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്​ രണ്ടു വര്‍ഷത്തേക്ക്​ വിലക്കാന്‍ തീരുമാനമെടുത്തത്​. ജനുവരി ഏഴിന്​ ആദ്യമായി വിലക്കുവീണതു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ്​ നിലനില്‍ക്കുക. അതുകഴിഞ്ഞ്​ തിരിച്ചുവന്നാലും കൂടുതല്‍ കടുത്ത നിയന്ത്രണ​ങ്ങളോടെയാകും അനുവദിക്കുക.

എന്നാല്‍, പുതിയ നീക്കം തനിക്ക്​ വോട്ടുചെയ്​ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്നാണ്​ ട്രംപ്​ കുറ്റപ്പെടുത്തിയത്. 2024ലെ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന്​ ട്രംപ്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മുന്നോടിയായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നേരത്തെ തുടങ്ങാമെന്ന മോഹങ്ങള്‍ക്കാണ്​ ഇതോടെ തിരിച്ചടിയായത്​.

ആഗോള സമൂഹ മാധ്യമ ഭീമന്മാരെ വെല്ലുവിളിച്ച്‌​ ട്രംപ്​ സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്​ഫോം ആരംഭിച്ചിരുന്നുവെങ്കിലും പഴകിയ വേഡ്​പ്രസ്​ രൂപത്തിലായതിനാല്‍ എവിടെയുമെത്താതെ അടച്ചുപൂട്ടിയിരുന്നു.

Leave A Reply

Your email address will not be published.