Take a fresh look at your lifestyle.

കോവിഡ് ബാധിച്ച ഭര്‍തൃപിതാവിനെ തോളിലേറ്റി ആശുപത്രികള്‍ കയറിയിറങ്ങി യുവതി; ജീവന്‍ രക്ഷിക്കാനായില്ല

0

കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ പിതാവിനെ തോളിലേറ്റി യുവതി ആശുപത്രികള്‍ കയറിയിറങ്ങി. അസമില്‍ നിന്നാണ് ഈ നോവ് കാഴ്ച.

കോവിഡ് ആണെന്ന് അറിഞ്ഞതോടെയാണ് സഹായിക്കാന്‍ ആരും എത്താതിരുന്നത്. ഇതോടെ നിഹാരിക എന്ന യുവതി 75 കാരനായ ഭര്‍തൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലേക്ക് നടന്നു.

നിഹാരികയുടെ ഭര്‍തൃപിതാവായ തുലേശ്വര്‍ ദാസിന് കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഭര്‍ത്താവ് സൂരജ് ഇതേസമയം ജോലിസംബന്ധമായി സിലിഗുരിയില്‍ ആയിരുന്നതിനാലാണ് തുലേശ്വര്‍ ദാസിന്റെ പരിചരണം നിഹാരിക ഏറ്റെടുത്തത്.

ഭര്‍തൃപിതാവ് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലാകുന്നത് കണ്ടതോടെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാന്‍ നിഹാരിക ഓട്ടോറിക്ഷ വിളിച്ചിരുന്നു.
എന്നാല്‍ ഇവരുടെ വീടിനടുത്തേക്ക് വാഹനം എത്താനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഭര്‍തൃപിതാവിനെ ചുമലിലെടുത്താണ് ഓട്ടോയിലേക്ക് എത്തിച്ചത്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ അവിടെ ആംബുലന്‍സോ സ്ട്രെച്ചറോ ലഭ്യമല്ലാതിരുന്നതിനാല്‍ വീണ്ടും സ്വകാര്യ വാഹനം വിളിച്ചുവരുത്തി അതിലേക്കും തുലേശ്വറിനെ ചുമലിലേറ്റി എത്തിക്കുകയായിരുന്നു.

ഈ കാഴ്ചകള്‍ കണ്ടു നിന്നവരാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നിട്ടും കോവിഡ് ഭയന്ന് ആരും അടുത്തുവരികയോ സഹായിക്കുകയോ ചെയ്തില്ല എന്ന് നിഹാരിക പറയുന്നു.

അബോധാവസ്ഥയിലായ പിതാവിനെ തനിച്ചയക്കാന്‍ കഴിയാത്തതിനാല്‍ നിഹാരികയ്ക്കും ഒപ്പം പോകേണ്ടിവന്നു. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല.

കോവിഡ് ആശുപത്രിയില്‍ നിന്നും ഇവരെ നാഗോണ്‍ സിവില്‍ ആശുപത്രിയിലേക്ക് അയച്ചു. ഹോസ്പിറ്റലിലെ പടവുകളടക്കം തുലേശ്വറിനെ ചുമലിലേറ്റിയാണ് നിഹാരിക നടന്നുകയറിയത്.

ഭര്‍തൃപിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇത്രയധികം ശ്രമങ്ങള്‍ നിഹാരിക നടത്തിയെങ്കിലും കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെട്ടു.

നിലവില്‍ നിഹാരികയും കോവിഡ് പോസിറ്റീവാണ്. അന്നേ ദിവസം ചുരുങ്ങിയത് രണ്ട് കിലോമീറ്ററെങ്കിലും താന്‍ പിതാവിനെയും എടുത്തുകൊണ്ട് നടന്നുകാണുമെന്ന് നിഹാരിക പറയുന്നു.

Leave A Reply

Your email address will not be published.