അടൽ തുരങ്കം സഞ്ചാരയോഗ്യമല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ചൈനയുടെ ഭീഷണി

0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം സഞ്ചാരയോഗ്യമല്ലാതാക്കാൻ തങ്ങളുടെ സൈന്യത്തിന് കഴിയുമെന്ന് ചൈന. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസിൽ സൈനിക വിദഗ്ധൻ സോങ് ഷോൻപിങ് എഴുതിയ ലേഖനത്തിലാണ് ഈ ഭീഷണി. ഇന്ത്യ നിർമിച്ച തുരങ്കം സമാധാന കാലത്ത് സൈനികരുടെയും ഉപകരണങ്ങളുടെയും നീക്കത്തിന് ഉപകാരപ്പെടുമെങ്കിലും, സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ അങ്ങനെയാവില്ലെന്നും അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്നും ലേഖനത്തിൽ പറയുന്നു.

‘തുരങ്കം സമാധാന സമയങ്ങളിൽ ഇന്ത്യൻ സൈന്യത്തിനും അവരുടെ വിതരണ സംവിധാനത്തിനും വലിയ സഹായമായിരിക്കും. എന്നാൽ യുദ്ധസമയത്ത്, വിശേഷിച്ചും സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ വലിയ ഉപകാരമുണ്ടാവില്ല. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിക്ക് ഈ തുരങ്കം ഉപയോഗയോഗ്യമല്ലാതാക്കാനുള്ള സംവിധാനങ്ങളുണ്ട്. ചൈനയ്ക്കും ഇന്ത്യക്കും പരസ്പരം സമാധാനത്തോടെ നിലനിൽക്കുന്നതാണ് നല്ലത്. പോരാട്ട ശേഷിയിൽ ഇന്ത്യക്കും ചൈനക്കുമിടയിൽ അന്തരമുണ്ട്; പ്രത്യേകിച്ചും ഇന്ത്യയുടെ സിസ്റ്റമാറ്റിക് കോംബാറ്റ് ശേഷിയുടെ കാര്യത്തിൽ. ചൈനയുടെ നിലവാരത്തേക്കാൾ ഏറെ പിറകിലാണ് ഇന്ത്യ.’ -ലേഖനത്തിൽ പറയുന്നു.

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇന്ത്യ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. 225 കിലോമീറ്റർ ദൈർഘ്യമുള്ള ദർബുക് – ഷ്യോക് – ദൗലത്ത് ബേഗ് ഓൾഡി റോഡിന്റെ നിർമാണം രണ്ട് പതിറ്റാണ്ടെടുത്താണ് പൂർത്തിയായതെന്നും, നിർമാണ സാങ്കേതികവിദ്യയിൽ ഇന്ത്യ ചൈനക്കൊപ്പമെത്തുകയില്ലെന്നും ലേഖനത്തിലുണ്ട്. അടൽ തുരങ്കം യുദ്ധസമയത്ത് ഉപയോഗിക്കാൻ കഴിയുമോ എന്ന് നോക്കിയല്ല നിർമിച്ചിട്ടുള്ളതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണ് തുരങ്കനിർമാണത്തിനു പിന്നിലുള്ളതെന്നും ആരോപിച്ചാണ് ലേഖനം അവസാനിക്കുന്നത്.

Leave A Reply

Your email address will not be published.

%d bloggers like this: