ക്യാപ്സ്യൂൾ ജൈവവളത്തിന് ആവശ്യക്കാരേറുന്നു

0

കോഴിക്കോട്: ലോക്ക്ഡൗണായതോടെ ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം ഉത്പ്പാദിപ്പിക്കുന്ന ജൈവ ക്യാപ്സ്യൂളിന്‍റെ വില്പനയിൽ വൻ വർധനവ്. കൊവിഡ് വ്യാപനത്തോടെ ജനങ്ങൾ ജൈവകൃഷിയിൽ കൂടുതൽ തല്പരരായതും ജൈവ ക്യാപ്സ്യൂൾ വില്പന വർധിക്കാൻ കാരണമായിട്ടുണ്ട്. കാർഷികമേഖലയുടെ ഗെയിം ചെയ്ഞ്ചർ ആയേക്കും എന്നുകരുതുന്ന ജൈവ ഗുളികകളുടെ വില്‍പന മാർച്ച്-ഏപ്രിൽ മാസത്തെ ദേശീയ ലോക്ക്ഡൗണിനുശേഷമാണ് കുതിച്ചുയർന്നത്.

മെയ് തുടക്കംതൊട്ടുതന്നെ കാപ്സ്യൂളിന്റെ വില്‍പനയില്‍ മുന്നേറ്റം കാണാന്‍ തുടങ്ങിയത്. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം 4000 ക്യാപ്സ്യൂളുകളാണ് മെയ് മാസത്തിൽ മാത്രം വിറ്റുപോയത്. ലോക്ക്ഡൗണിനു മുൻപ് പ്രതിമാസം വിറ്റുപോയിരുന്നത് ഏകദേശം 400 ഗുളികകൾ മാത്രമായിരുന്നു. ജൈവശാസ്ത്രപരമായി കഴിവുള്ള സൂക്ഷ്മജീവികളുടെ വിജയകരമായ വിതരണം ഉറപ്പാക്കുന്ന ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ബയോകാപ്സ്യൂളുകൾ എന്നാണ് ഭാരതീയ സുഗന്ധവിളഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ പറയുന്നത്. മണ്ണിന്‍റെ ഫലഭൂയിഷ്ഠതയും ഉൽപാദനക്ഷമതയും നിലനിർത്തുന്നതിൽ ബയോകാപ്സ്യൂളിന്‍റെ ഉപയോഗം പ്രധാന പങ്ക് വഹിക്കുന്നതിനാൽ വില്പനയിലുണ്ടായ വർദ്ധനവിനെ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞർ പ്രതീക്ഷയോടെയാണ് കാണുന്നത്. മണ്ണിന്‍റെ ഗുണനിലവാരവും പാരിസ്ഥിതികനിലവാരവും മെച്ചപ്പെടുത്താനും ഗുളികകൾക്ക് കഴിയും.

ബയോക്യാപ്സ്യൂൾ നിർമാണത്തിന്, പേര് സൂചിപ്പിക്കുന്നത് പോലെ, ട്രൈക്കോഡെർമ, സ്യൂഡോമോണസ്, ബാസിലസ് എന്നിവയുൾപ്പെടെയുള്ള പ്രയോജനകരമായ സൂക്ഷ്മജീവികളെയാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത മൈക്രോബിയൽ ഫോർമുലേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഗുളികരൂപത്തിലുള്ള ഉപയോഗം (എൻ‌ക്യാപ്‌സുലേഷൻ) സൂക്ഷ്മജീവികൾ ഉപയോഗിച്ചുള്ള വളപ്രയോഗം കൂടുതൽ ലളിതമാക്കുന്നു. കൂടുതൽ സൂക്ഷ്മജീവികൾ ഗുളികരൂപത്തിലാക്കുന്നതു സംഭരണം വിപണനം ഗതാഗതം എന്നിവ എളുപ്പമാക്കുന്നു. ഒരു ക്യാപ്സ്യൂൾ 100 -200 ലിറ്റർ വെള്ളം ഉപയോഗിച്ച് ലയിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.

ക്യാപ്സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് സുഗന്ധവിളഗവേഷണ കേന്ദ്രത്തിന്‍റെ ബയോക്യാപ്സ്യൂൾ, മാത്രമല്ല രാജ്യമെമ്പാടുമുള്ള കർഷകർക്കിടയിൽ വലിയ ഡിമാൻഡാണ് ഈ ഉൽപ്പന്നത്തിന്. രാജ്യത്തെമ്പാടുനിന്നുമുള്ള കർഷകരുടെ ആവശ്യം നിറവേറ്റുന്നതിനായി രണ്ടു സ്വകാര്യ സ്ഥാപനങ്ങളെ സുഗന്ധവിള ഗവേഷണകേന്ദ്രം ലൈസൻസികൾ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ രീതി വളരെ ചെലവ് കുറഞ്ഞതായതിനാൽ പരമ്പരാഗത കർഷകരും ചെറുപ്പക്കാരും പരിശീലനം ലഭിച്ചവരുമായ കർഷകർ ബയോ ക്യാപ്സൂളുകൾ ഉപയോഗിക്കാൻ തുടങ്ങി എന്നതാണ് ശ്രദ്ധേയമായ ഒരു പ്രവണത.

ദോഷകരമായ രാസവസ്തുക്കളുടെ അവശിഷ്ടങ്ങളൊന്നും ഇതിൽ അടങ്ങിയിട്ടില്ല. കൂടാതെ, രാസവളങ്ങൾ കീടനാശിനികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും കഴിയും.കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ബയോക്യാപ്സ്യൂൾ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഇതിന്‍റെ പേറ്റന്റ് പ്രക്രിയ അവസാന ഘട്ടത്തിലാണ്.

Leave A Reply

Your email address will not be published.

%d bloggers like this: