ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

0

പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുധ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്ത്യം സംഭവിച്ചത്.

2007 ലാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായി ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സഭാ അധ്യക്ഷനായി അവരോധിക്കപ്പെട്ടത്. മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് മെത്രാപ്പോലീത്തയാണ്.
സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു മെത്രാപ്പോലീത്ത. ജീവകാരുണ്യ മേഖലയിലും, പ്രാര്‍ത്ഥനാ ജീവിതത്തിലും സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടങ്ങളിലും സജീവമായിരുന്നു അദ്ദേഹം. രോഗികള്‍ക്കും, പാര്‍ശ്വവല്‍ കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതത്തിന്‍റെ ഏറിയ പങ്കും തിരുമേനി നീക്കിവച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരക്കാര്‍ക്കായി നിരവധി സ്ഥാപനങ്ങളും രൂപം കൊണ്ടു.

1931 ജൂൺ 27 ന് മലങ്കര സഭയുടെ നവീകരണ പിതാവ് എന്നറിയപ്പെട്ട അബ്രഹാം മൽപ്പാൻ്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിലാണ് ജനനം. കുട്ടിക്കാലം മുതൽ വള്ളംകളിയിലും കൃഷിയിലും താത്പര്യം പ്രകടിപ്പിച്ച തിരുമേനി പിൽക്കാലത്ത് പാരിസ്ഥിക വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിച്ചു. കോഴഞ്ചേരിയിലും ആലുവയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബെംഗളൂരുവിൽ നിന്ന് തിയോളജിയിൽ ബിരുദം. 1957ൽ ശെമ്മാശ പട്ടവും കശീശ പട്ടവും ലഭിച്ചു. 1975 ൽ ത്യശൂരിൽ റമ്പാനായ തിരുമേനി ഇതേ വർഷം തന്നെ എപ്പിസ്കോർപ്പയായി. 1999 ലാണ് സഫ്രഗൺ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടത്.

ഐക്യരാഷ്ട്ര സഭയുടെ ലോക മതസമ്മേളനങ്ങളിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത. ഒരു വർഷം നീണ്ട് നിൽക്കുന്ന നവതി ആഘോഷങ്ങൾക്കിടയിലാണ് അർബുധത്തിന് കീഴടങ്ങി തിരുമേനി വിട പറയുന്നത്.

Leave A Reply

Your email address will not be published.

%d bloggers like this: