കേന്ദ്രത്തിന്റെ വായ്പാ ആനുകൂല്യത്തില്‍നിന്ന് കാര്‍ഷിക വായ്പകള്‍ പുറത്ത്

0

മുംബൈ: രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്കു പ്രഖ്യാപിച്ച എക്‌സ് ഗ്രേഷ്യ ആനുകൂല്യത്തില്‍ കാര്‍ഷിക കടങ്ങള്‍ ഉള്‍പ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിള വായ്പ, ട്രാക്ടര്‍ വായ്പ ഉള്‍പ്പെടെ കാര്‍ഷിക വായ്പകളൊന്നും ആനുകൂല്യത്തിന് അര്‍ഹമല്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.

മൊറട്ടോറിയം കാലത്തു മാറ്റുവച്ച തിരിച്ചടവു ഗഡുവിന് കൂട്ടു പലിശ ഒഴിവാക്കുമെന്ന നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഇതിനൊപ്പം മൊറട്ടോറിയം ഉപയോഗപ്പെടുത്താത്തവര്‍ക്ക് ആറുമാസത്തെ പലിശയിലെ വ്യത്യാസത്തിനു തുല്യമായ തുക അക്കൗണ്ടിലേക്ക് എക്‌സ് ഗ്രേഷ്യ പേയ്‌മെന്റ് ആയി നല്‍കുമെന്നും പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പകള്‍ ഈ പദ്ധതിക്കു കീഴില്‍ വരില്ലെന്നാണ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ടമെന്റ് വ്യക്തമാക്കുന്നത്.

എക്‌സ് ഗ്രേഷ്യ പെയ്മന്റ് ആയി ലഭിക്കേണ്ട തുക നവംബര്‍ അഞ്ചിനകം വായ്പയെടുത്തവരുടെ അക്കൗണ്ടുകളില്‍ ലഭ്യമാക്കണമെന്നാണ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ തുക ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‍കും.

ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹന വായ്പ, എംഎസ്എംഇ വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ, കണ്‍സംപ്ഷന്‍ ലോണ്‍ എന്നിവയെല്ലാം പദ്ധതിക്കു കീഴില്‍ വരും. എല്ലാ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

%d bloggers like this: