എന്തുകൊണ്ട് പ്രമേഹരോഗികള്‍ കൊവിഡിനെ ഭയക്കണം??? ഏറെ ശ്രദ്ധവേണമെന്ന് മന്ത്രി ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കൊവിഡിന്‍റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. അതേസമയം നമ്മുടെ കേരളം പ്രമേഹ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു വരികയാണ്. കുട്ടികളിലും പ്രമേഹ രോഗം വര്‍ധിച്ചുവരികയാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാനാകും. കോവിഡ് ബാധിച്ചാല്‍ ഇത്തരക്കാര്‍ക്ക് രോഗം പെട്ടന്ന് സങ്കീര്‍ണമാകും. കോവിഡ് വരാതിരിക്കാനായി പ്രമേഹ രോഗികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് പ്രമേഹം?

രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്ക് എത്തിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഇന്‍സുലിന്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടാന്‍ കാരണമാകുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയില്‍ കൂടിയാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

കാരണങ്ങള്‍

പാരമ്പര്യ ഘടകങ്ങള്‍, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിനു കാരണമാകാം.

ലക്ഷണങ്ങള്‍

അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രംപോക്ക്, വിളര്‍ച്ച, ക്ഷീണം, ശരീരഭാരം കുറയല്‍, കാഴ്ച മങ്ങല്‍, മുറിവുണങ്ങാന്‍ സമയമെടുക്കല്‍ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

Leave A Reply

Your email address will not be published.

%d bloggers like this: