ഐ.എസ്.എൽ ഏഴാം സീസണിലെ ആദ്യ അങ്കം കുറിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

0

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് ഇന്ന് കിക്കോഫ്. ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനെ നേരിടും . വൈകിട്ട് 7.30ന് ജിഎംസി സ്‌റ്റേഡിയത്തിലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്‌സറ്റാര്‍ എന്നിവയില്‍ മല്‍സരം തത്സമയം സംപ്രേക്ഷണം ചെയ്യും.

ബ്ലാസ്‌റ്റേഴ്‌സിനായി ഇത്തവണ അഞ്ച് മലയാളി താരങ്ങള്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലും ടീമിനൊപ്പം ഉള്ളവരാണിവര്‍. ഡിഫന്‍ഡര്‍ അബ്ദുല്‍ ഹക്കു, മിഡ് ഫീല്‍ഡര്‍മാരായ അര്‍ജുന്‍ ജയരാജ്, സഹല്‍ അബ്ദുല്‍ സമദ്, കെ പി രാഹുല്‍, പ്രശാന്ത് എന്നിവരാണ് ഇവര്‍. എന്നാല്‍ അന്തിമ ഇലവനില്‍ ആരൊക്കെ സ്ഥാനം പിടിക്കുമെന്ന് ഉറപ്പായിട്ടില്ല.പുതിയ കോച്ച് കിബു വികുനയുടെ കീഴിൽ വമ്പൻ പരീക്ഷണങ്ങളുമായാണ് മഞ്ഞപ്പട ഇന്നിറങ്ങുക. ബഗാനെ കഴിഞ്ഞ തവണ ഐ ലീഗ് കിരീട നേട്ടത്തിലേക്ക് എത്തിച്ച കോച്ചാണ് കിബു വികുന.

കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ ചാമ്പ്യന്മാരായിരുന്ന എ ടി കെ യും ഐ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനും കൂടി ചേർന്നതാണ് എ ടി കെ മോഹൻ ബഗാൻ. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനോട് രണ്ടുതവണ പരാജയപ്പെട്ട പാരമ്പര്യവുമായാണ് എ ടി കെ കളത്തിലിറങ്ങുന്നത്. മറുവശത്താകട്ടെ രണ്ട് തവണ കൈയ്യെത്തും ദൂരത്ത് നഷ്ടപെട്ട കിരീടം നേടി കടങ്ങളെല്ലാം വീട്ടുകയെന്നുള്ള ലക്ഷ്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടാനെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെ തടുക്കാൻ മുൻ ടീം ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ എ ടി കെ നിരയിൽ മുൻപന്തിയിൽ ഉണ്ടാവുമെന്നതും ഇന്നത്തെ കളിയുടെ സവിശേഷതയാണ്.

Leave A Reply

Your email address will not be published.

%d bloggers like this: