തുടക്കം പിഴച്ചു കൊമ്പന്മാർ

0

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബാഗാനോട് ഒരു ഗോളിനാണ് മഞ്ഞപ്പട തോൽവി സമ്മതിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ 67ാം മിനിട്ടില്‍ എ ടി കെ യുടെ ഫിജി താരം റോയ് കൃഷ്ണ നേടിയ ഗോളാണ് ജയത്തോടെ കളി തുടങ്ങാനുള്ള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്ക് വിലങ്ങുതടിയായത് .മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു.രണ്ടാം പകുതിയാരംഭിച്ച്‌ അഞ്ച് മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഓപ്പണ്‍ ചാന്‍സ് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നഷ്ടപ്പെടുത്തി.

പുതിയ കോച്ചിനു കീഴില്‍, പുതിയ ലുക്കില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പൊസെഷന്‍ ഗെയിം കളിച്ച മഞ്ഞപ്പട രണ്ടാം പകുതിയില്‍ പലപ്പോഴും എടിക്കെയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ആദ്യ പകുതി തീര്‍ത്തും വിരസമായി മാറിയപ്പോള്‍ രണ്ടാം പകുതിയില്‍ ഇരുടീമും വീറുറ്റ പ്രകടനം കാഴ്ചവച്ചു. പന്തടക്കത്തിലും പാസുകളിലുമെല്ലാം എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്. 26ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Leave A Reply

Your email address will not be published.

%d bloggers like this: