പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിശ്ചയിച്ചു

0

പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലായി ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിശ്ചയിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടർമാർ പാനലിലുണ്ട്.

നേരത്തെ, വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡിന്‍റെ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയെ നിശ്ചയിച്ചിരുന്നു. ജനറൽ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. സംഘം ഇന്ന് ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മെഡിക്കൽ ബോർഡ് ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് കോടതിയിൽ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ കോപ്പി കോടതിയിൽ സമർപ്പിക്കും മുമ്പ് കിട്ടണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളിയിരുന്നു. വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ചത്.

ഇവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ അപേക്ഷയിൽ കോടതി തീരുമാനം എടുക്കുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.

Leave A Reply

Your email address will not be published.

%d bloggers like this: