രാജ്യത്ത് 44,069 പേര്‍ക്കു കൂടി കോവിഡ് , രോഗബാധിതര്‍ 90 ലക്ഷം കടന്നു; വാക്സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 44,069 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 91,39,866 ആയി.
ഇന്നലെ 511 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,33,738 പേരാണ് വൈറസ് ബാധ മൂലം ഇതുവരെ മരണത്തിനു കീഴടങ്ങിയത്. 4,43,486 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 41,024 പേര് ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 85,62,642 ആയി.ഇന്നലെ 8,49,596 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 13,25,82,730 ആയതായി ഐസിഎംആര്‍ അറിയിച്ചു.
അതിനിടെ കോവിഡ് 19 വാക്സിന് വിതരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. രണ്ടുതവണയായിട്ടായിരിക്കും യോഗം. കേസുകള്‍ കൂടുതലുളള എട്ടുസംസ്ഥാനങ്ങളുമായുളള യോഗത്തിന് ശേഷം വാക്സിന് വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം നടത്തും