നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിയിൽ കേസ് വിസ്താര നടപടികൾ വീണ്ടും തുടങ്ങും

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താര നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് പുനരാരംഭിക്കും. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനാൽ, ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സർക്കാർ.

കേസിനായി സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടറും വിചാരണ കോടതി മുമ്പാകെ ഹാജരാകുന്നതിന് വിമുഖത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.

ഇന്നുതന്നെ നടപടികൾ പുനരാരംഭിക്കാനും സിംഗിൾ ബെ‌ഞ്ച് നിർദേശിച്ചിരുന്നു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴി‍ഞ്ഞ ദിവസം തളളിയിരുന്നു. പുതുതായി വിസ്തരിക്കേണ്ടവർക്ക് നോട്ടീസ് അയക്കുന്ന നടപടികളാകും ഇന്ന് തുടങ്ങുക. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.

വിചാരണക്കോടതി നടപടികൾക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സർക്കാരും ഹൈക്കോടതിയിൽ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ പറഞ്ഞു. അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നും നടി അറിയിച്ചു.

വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്.

Leave A Reply

Your email address will not be published.

%d bloggers like this: