ന്യൂഡല്ഹി: വിവാദമായ പോലീസ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിനെ തിരുത്തി സി പി എം കേന്ദ്ര നേതൃത്വം. സംസ്ഥാന സർക്കാറിൻെറ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേരള സർക്കാർ പൊലീസ് നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടുവന്ന 118 എ വകുപ്പ് പുനഃപരിശോധിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം, നിയമം ദുരുപയോഗം ചെയ്യില്ലെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കില്ലെന്നും പറഞ്ഞ് പിടിച്ചുനിൽക്കാനാണ് സർക്കാറിൻെറ ശ്രമം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ നീണ്ട വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനാൽ നേരത്തെ സുപ്രീം കോടതി ദുർബലപ്പെടുത്തിയ 118 ഡി, 66 എ വകുപ്പുകളേക്കാൾ മോശം പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇടതുസക്കാർ കൊണ്ടുവന്ന പുതിയ നിയമമെന്നാണ് കേന്ദ്രനേതൃത്വത്തിൻെറ വിലയിരുത്തൽ.
പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തിൽ നിന്നും വിമർശനം ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് ആക്ടിനെ തള്ളിപ്പറഞ്ഞു കൊണ്ട് സീതാറാം യെച്ചൂരി രംഗത്ത് എത്തിയത്.നേരത്തെ ദേശീയതലത്തിൽ ഏറെ വിവാദമായ 66 എ വകുപ്പിനെതിരെ കടുത്ത നിലപാടാണ് സിപിഎം സ്വീകരിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നടന്ന വിശദമായ ചർച്ചയ്ക്ക് ശേഷം അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മൗലികാവകാശം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമത്തേയും പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നു. അന്ന് പാർട്ടിയെടുത്ത നിലപാടിനെതിരാണ് സിപിഎം അധികാരത്തിലുള്ള കേരള സർക്കാർ കൊണ്ടു വന്ന പൊലീസ് ആക്ട് എന്ന വിമർശനം ശക്തമായിരുന്നു. ഇതാണ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തേയും സർക്കാരിനേയും തള്ളി പരസ്യമായ തിരുത്തൽ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം രംഗത്ത് എത്തിയത്.