തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കൾ നടന്ന് പ്രതിഷേധിച്ചു. പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പ്രതിഷേധം.
നിയമ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങിടുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ചെന്നിത്തല പറഞ്ഞു. ഏകപക്ഷീയമായി ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് കൊടുത്തു. മുഖ്യമന്ത്രിയേയും സർക്കാരിനെയും ആരും വിമർശിക്കാൻ പാടില്ല. പിണറായി വിജയനെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരിൽ 160ൽ അധികം ജീവനക്കാരെ സസ്പെന്റ് ചെയ്തു. നിയമം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.