Ultimate magazine theme for WordPress.

നമ്പർ 18 പോക്സോ കേസ്: റോയിക്ക് പിന്നാലെ സൈജു തങ്കച്ചനും കീഴടങ്ങി, രണ്ടുപ്രതികളും പിടിയിൽ

0

കൊച്ചി: ഹോട്ടൽ നമ്പർ 18 പോക്സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നിൽ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടൻതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കും.

കേസിലെ ഒന്നാംപ്രതിയായ റോയി വയലാട്ടും കഴിഞ്ഞദിവസം പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. റോയിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ വിശദമായ ചോദ്യംചെയ്യൽ ആവശ്യമായതിനാൽ റോയി വയലാട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.

- Advertisement -

നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കൺസൾട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികൾ. കേസിൽ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പോലീസ് റോയി വയലാട്ട് അടക്കമുള്ളവർക്കെതിരേ പോക്സോ കേസ് എടുത്തത്.

2021 ഒക്ടോബർ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി 10-ന് ഹോട്ടലിലെ പാർട്ടി ഹാളിൽ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റിമ ദേവും മൊബൈലിൽ പകർത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.