Ultimate magazine theme for WordPress.

കേരളം വികസിച്ചാല്‍ ഭാരതത്തിന് അതിവേഗ വികസനം; വാട്ടര്‍ മെട്രോ രാജ്യത്തിന് മാതൃക : പ്രധാനമന്ത്രി

0

തിരുവനന്തപുരം: കേരളം വികസിച്ചാല്‍ അതിലൂടെ ഭാരതത്തിന്റെ വികസനത്തിനും വേഗതയേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാട്ടര്‍ മെട്രോ അടക്കമുള്ള വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനങ്ങളുമായി സേവനമനോഭാവത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അഭൂതപൂര്‍വമായ നിക്ഷേപസാധ്യതകള്‍ കണ്ടെത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ വൈദഗ്ധ്യത്തിനായി നിക്ഷേപം നടത്തുന്നു. ഈസ് ഓഫ് ലിവിങ്, ഈസ് ഓഫ് ഡുയിങ്ങ് ബിസിനസ് എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisement -

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം തുടങ്ങിയ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്. വന്ദേഭാരത് പോലെയുള്ള ട്രെയിനുകള്‍ പ്രതീക്ഷാ നിര്‍ഭരത് ഭാരതത്തിന്റെ അടയാളമായി മാറുന്നു. സെമി സ്പീഡ് ട്രെയിന്‍ ചലിപ്പിക്കാന്‍ കഴിയുന്നത് ഭാരതത്തിന്റെ റെയില്‍ നെറ്റ്‌വര്‍ക്ക് വേഗതയില്‍ മുന്നേറുന്നതുകൊണ്ടാണ്. അതിവേഗ സ്പീഡിനായി ഇവയെല്ലാം തയ്യാറാകുകയാണ്.

കേരളത്തില്‍ ആരംഭിച്ച വന്ദേഭാരത് കേരളത്തിന്റെ വടക്കേയറ്റത്തെ തെക്കേയറ്റത്തേക്ക് വളരെ വേഗം ബന്ധിപ്പിക്കുന്നു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാതയില്‍ വേഗം കൂട്ടും. റെയില്‍വേ വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തു നിന്നും മംഗളൂരു വരെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഓടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് ആകെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. കൊച്ചി വാട്ടര്‍ മെട്രോയും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മോദി ഉദ്ഘാടനം ചെയ്തു. വൈദ്യുതീകരിച്ച പാലക്കാട്- പളനി- ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്തത്.

- Advertisement -

Leave A Reply

Your email address will not be published.