സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 12 കാരന്റെ 3 സാമ്പിളുകളും പോസിറ്റീവ്; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി: 3 ജില്ലകളിൽ ജാഗ്രത നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാമ്പിളുകൾ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാത്രി വൈകിയാണ് നിപ സ്ഥീരീകരണം വന്നത്. കുട്ടിയുടെ 3 സാമ്പിളും പോസിറ്റീവായിരുന്നു. അതീവ ഗുരുതര അവസ്ഥയിലായിരുന്ന കുട്ടി പുലർച്ചെ മരിച്ചു. അടിയന്തര കർമപദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു. കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കുംതന്നെ രോഗലക്ഷണമില്ല.
ആരോഗ്യ വകുപ്പ് ശനിയാഴ്ച രാത്രിതന്നെ ഉന്നതതലയോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കി. പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികൾക്കോ രോഗലക്ഷണങ്ങൾ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
- Advertisement -
കോഴിക്കോട്ടെ മന്ത്രിമാർ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന യോഗം ചേർന്നു. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങൾ ഉള്ളതിനാൽ അത് തുടർന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡ് സഹചര്യമായതിനാൽ ആശുപത്രികളിൽ നല്ല തയ്യാറെടുപ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4 ദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു. പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നറിയുന്നു.
- Advertisement -