Ultimate magazine theme for WordPress.

ശിൽപ്പങ്ങൾ തന്റേത്, കിട്ടാനുള്ളത് 75 ലക്ഷം: മോൻസനെതിരെ പരാതിയുമായി തിരുവനന്തപുരത്തെ ശിൽപ്പി

0

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപ്പങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ്. മോൻസൻ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്. ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ് സുരേഷ്. പിന്നീട് വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

താൻ നിർമ്മിച്ച ശിൽപ്പങ്ങൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ അമേരിക്കയിൽ നിന്ന് ഫോൺ കോൾ വന്നു. അന്ന് കൊച്ചിയിൽ മോൻസനെ ചെന്ന് കാണണമെന്നായിരുന്നു ആവശ്യം. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് 2019 ലാണ് ആറ് ശിൽപ്പങ്ങൾ കൈമാറിയത്. ശിൽപ്പങ്ങൾ വിറ്റ് ഒരു മാസത്തിനകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും രണ്ട് വർഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നും സുരേഷ് പറഞ്ഞു.

- Advertisement -

താൻ നിർമ്മിച്ച ശിൽപ്പങ്ങളാണ് പുരാതന ശിൽപങ്ങളായി മോൻസ് പ്രചരിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. കുമ്പിൾ തടിയിൽ നിർമ്മിച്ച ശിൽപ്പങ്ങളാണിവ. ഇവയാണ് ചന്ദനമരത്തിൽ തീർത്ത ശിൽപ്പങ്ങളെന്ന് പറഞ്ഞ് പറ്റിച്ചത്. വിശ്വരൂപം, മറിയ തുടങ്ങി ആറ് ശിൽപ്പങ്ങളാണ് സുരേഷ് കൈമാറിയത്. പണം കിട്ടാതെ വന്നതോടെ വൻ സാമ്പത്തിക ബാധ്യതയുണ്ടായി. ഹ്യദ്രോഗിയായി മാറിയെന്നും സുരേഷ് പറഞ്ഞു.

മോൻസനെതിരെ ശിൽപ്പി സുരേഷ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ശിൽപ്പങ്ങൾ തിരികെ വേണമെന്നാണ് സുരേഷിന്റെ ആവശ്യം. ഇനി പണം കിട്ടുമെന്ന് താൻ കരുതുന്നില്ല. തന്റെ അനുവാദമില്ലാതെ വിശ്വരൂപം ശിൽപ്പത്തിന് പെയിന്റടിച്ചു മാറ്റി. പണത്തിനായി പല പ്രാവശ്യം കൊച്ചിയിലെ വീട്ടിൽ പോയിരുന്നു. അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി മോൻസനെ കണ്ടു. രണ്ട് ദിവസത്തിനകം പണം നൽകാമെന്ന് പറഞ്ഞാണ് തന്നെ മടക്കിയതെന്നും സുരേഷ് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.