കുവൈത്ത് സിറ്റി: നവജാത ശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവും കാമുകിയും കുവൈത്തിൽ അറസ്റ്റിലായി. നേപ്പാൾ സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരു ഫിലിപ്പൈൻസ് സ്വദേശിയാണ് ആഭ്യന്തര മന്ത്രാലയത്തിൽ വിവരം ലഭിച്ചത്.
കുവൈത്തിലെ ഫർവാനിയയിലാണ് സംഭവം. കുഞ്ഞിനെയും കൊണ്ട് ചവറ്റുകുട്ടയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ യുവാവും യുവതിയും നിൽക്കുന്നത് ഫിലിപ്പൈൻസ് സ്വദേശിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് സംശയം തോന്നി. ഇക്കാര്യം ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ അറിയിച്ചു. സ്ഥലത്തിന്റെ ലൊക്കേഷൻ വിവരങ്ങളും കൈമാറി.
- Advertisement -
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ചവറ്റുകുട്ടയിൽ കുഞ്ഞിനെ കണ്ടെത്തി. പരിസരത്ത് നിന്നുതന്നെ യുവാവിനെയും കാമുകിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർ നടപടികൾക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. കുഞ്ഞ് തങ്ങളുടേത് തന്നെയെന്ന് ഇരുവരും സമ്മതിച്ചു. അവിഹിത ബന്ധമായതിനാൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇരുവരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നിയമനടപടികൾ പുരോഗമിക്കുകയാണ്.
- Advertisement -