കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം മതിയാവുമോയെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് ഫലപ്രദമായ അന്വേഷണം നടത്താനാവുമോ എന്നാരാഞ്ഞ കോടതി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കേസിൽ ഡിജിപിയെ കോടതി കക്ഷി ചേർത്തു.
തട്ടിപ്പുകൾക്ക് പിന്നിൽ രാജ്യാന്തര ബന്ധമുണ്ടോ എന്നറിയില്ലന്ന് കോടതി പരാമർശിച്ചു. അന്വേഷണത്തിന്റെ സ്വഭാവമെന്താണ്. വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം. ഇവരിൽ പലരും സർവീസിലുണ്ട്. മോൻസണ് എന്തിനാണ് സംരക്ഷണം നൽകിയത്. ഇക്കാര്യം കോടതിക്ക് അറിയണം. മോൻസണിന്റെ വീട്ടിൽ ആനക്കൊമ്ബുണ്ടെന്ന് പൊലീസിന് അറിയാമായിരുന്നു. പൊലീസ് എന്തുകൊണ്ട് ആനക്കൊമ്ബ് കണ്ടില്ലെന്നത് കോടതിക്ക് മനസിലാവുന്നില്ല.
- Advertisement -
പൊലീസ് ഉദ്യോഗസ്ഥർ മോൻസണിന്റെ വീട് സന്ദർശിച്ചപ്പോഴും ബീറ്റ് ഏർപ്പെടുത്തിയപ്പോഴും എന്ത് കൊണ്ട് ആനക്കൊമ്ബ് കണ്ടില്ല. ആനക്കൊമ്ബ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു. ഇതൊക്കെ കണ്ടിട്ടും പൊലീസ് ഉദ്യോഗസ്ഥർ അനങ്ങിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മോൻസണിന്റെ അറിവോടെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ അജിത് സമർപ്പിച്ച പീഡന പരാതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
- Advertisement -