Ultimate magazine theme for WordPress.

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; ധാരണകൾ പാലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് ഗ്രൂപ്പുകൾ

0

ദില്ലി: കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡൻറും പ്രതിപക്ഷ നേതാവും ഹൈക്കമാൻറ് പ്രതിനിധികളുമായി ചർച്ച നടത്തി. ഇന്ന് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കി ഉച്ചയോടെ പട്ടിക ഹൈക്കമാൻറിന് സമർപ്പിക്കാനാണ് തീരുമാനം. അന്തിമ ഭാരവാഹി പട്ടികയെ കുറിച്ച് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ധരിപ്പിച്ച ശേഷമായിരിക്കും ലിസ്റ്റ് ഹൈക്കമാൻറിന് കൈമാറുക. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാൽ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക.

എ-ഐ ഗ്രൂപ്പുകൾ നൽകിയ പേരുകളിൽ നിന്ന് ചിലരെ മാത്രമേ 51 അംഗ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബൽറാം അടക്കമുള്ളവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതൽ. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാൽ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിർന്ന നേതാക്കളെ ഒഴിവാക്കിയേക്കും.

- Advertisement -

പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർക്ക് പ്രത്യേക പരിഗണ നൽകി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഡിസിസി പട്ടികയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമർശനം നടത്തിയ സാഹചര്യത്തിൽ കരുതലോടെയാണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നത്. ഗ്രൂപ്പുകൾ നൽകിയിരിക്കുന്ന പട്ടികയിൽ നിന്ന് ചില പേരുകൾ ഉൾക്കൊള്ളിക്കും. കേരളത്തിൽ തീരുമാനിച്ച മാനദണ്ഡങ്ങൾ ഏകപക്ഷീയമായി മാറ്റിയാൽ പ്രതിഷേധിക്കുമെന്നാണ് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്.

- Advertisement -

Leave A Reply

Your email address will not be published.