പോക്സോ കേസ്; മോന്‍സന്‍റെ ജീവനക്കാര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, ക്രൈംബ്രാഞ്ച് അന്വേഷണം
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ പരാതി ഒതുക്കാൻ മോൻസന്‍റെ ജീവനക്കാർ കുട്ടിയെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയതിന്‍റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിനിടെ പുരാവ്സ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കിലിന്‍റെ റിമാൻഡ് അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം സിജെഎം കോടതിയാണ് റിമാൻഡ് നീട്ടിയത്.
മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയേത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.
- Advertisement -
പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിറകെ പെൺകുട്ടിയെ കാണാൻ മോൻസന്‍റെ ജീവനക്കാർ വീട്ടിലെത്തിയിരുന്നു. പോക്സോ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇവർ ശ്രമിച്ചതെന്ന് സൂചനയുണ്ട്.
ഇക്കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഈ ജീവനക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസിൽ മോൻസന്‍റെ അറസ്റ്റിനായി കോടതിയിൽ ക്രൈംബ്രാഞ്ച് ഉടൻ അപേക്ഷ നല്‍കും. പെൺകുട്ടി മോൻസന്‍റെ വീട്ടിൽ താമസിച്ചതിന്‍റെ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
- Advertisement -