Ultimate magazine theme for WordPress.

ഹൃദയവ്യഥയുമായി ഗാഡ്ഗില്‍; കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക; സംസ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ച്‌ കുമ്മനം രാജശേഖരന്‍

0

തിരുവനന്തപുരം: പാരിസ്ഥിതിക രംഗത്തെ ധര്‍മ്മാചാര്യന്‍ മാധവ് ഗാഡ്ഗിലിനെ പൂനെയിലെ വസതിയിലെത്തി സന്ദര്‍ശിച്ച്‌ ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. പാരിസ്ഥിതിക ദുര്‍ബല പ്രദേശം ഖനനത്തിനും കൊള്ളയ്ക്കും വിട്ടുകൊടുക്കുന്ന സര്‍ക്കാര്‍ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ തലമുറ എല്ലാം അനുഭവിക്കേണ്ടിവരും. തുടര്‍ന്ന് അനുഭവിക്കാന്‍ വരും തലമുറ ഉണ്ടാവണമെന്നില്ല.പ്രകൃതിയോട് യുദ്ധം ചെയ്തും കൊള്ള ചെയ്തും ഈ രീതി എത്ര നാള്‍ തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

- Advertisement -

പാരിസ്ഥിതിക രംഗത്തെ ധര്‍മ്മാചാര്യന്‍ ശ്രി മാധവ് ഗാഡ്ഗിലിനെ പൂനെയിലുള്ള വസതിയിലെത്തി സന്ദര്‍ശിക്കുകയുണ്ടായി. കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ധ്വംസനങ്ങളുടെയും നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ട് ദു:ഖാര്‍ത്തനായി കഴിയവെയാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.

ഓരോ വാക്കിലും തന്റെ ഹൃദയ വ്യഥയുടെ ഒരിക്കലും താങ്ങാനാവാത്ത പ്രതിഫലനം പ്രകടമായി. കേരളനാടിന്റെ വിരിമാറ് വെട്ടിപ്പിളര്‍ന്ന് ചുടുചോര ഊറ്റികുടിച്ചും ശ്വാസം മുട്ടിച്ചും പ്രകൃതിധ്വംസനം തുടരുന്നിടത്തോളംകാലം ദുരന്തങ്ങളും വിനാശങ്ങളും തുടര്‍ക്കഥയാവുമെന്ന തിരിച്ചറിവ് എന്നാണ് ഭരണ കര്‍ത്താക്കള്‍ക്ക് ഉണ്ടാവുക ?

ജനമനഃസാക്ഷിയുടെ മുന്നിലേക്ക് പാരിസ്ഥിതിക ധര്‍മ്മ ഗുരു ചോദ്യങ്ങള്‍ ഓരോന്നായി നിരത്തിവെച്ചു. പ്രകൃതിയെ സംരക്ഷിയ്ക്കാന്‍ പുതിയതായി നിയമങ്ങള്‍ ഒന്നും ഉണ്ടാക്കേണ്ടതില്ല. ഉള്ള നിയമങ്ങള്‍ നടപ്പിലാക്കിയാല്‍മതി. നിയമത്തെക്കുറിച്ചു ജനങ്ങള്‍ക്കുള്ള അജ്ഞതയാണ് ഭരണാധികാരികളുടെ രക്ഷ.

പാരിസ്ഥിതിക ദുര്‍ബല പ്രദേശം ഖനനത്തിനും കൊള്ളയ്ക്കും വിട്ടുകൊടുക്കുന്ന സര്‍ക്കാര്‍ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നത്. ഈ തലമുറ എല്ലാം അനുഭവിക്കേണ്ടിവരും. തുടര്‍ന്ന് അനുഭവിക്കാന്‍ വരും തലമുറ ഉണ്ടാവണമെന്നില്ല.പ്രകൃതിയോട് യുദ്ധം ചെയ്തും കൊള്ള ചെയ്തും ഈ രീതി എത്ര നാള്‍ തുടരാനാവും ?’

ധാര്‍മ്മിക രോഷം ഗാഡ്ഗിലിന്റെ വാക്കുകളില്‍ പ്രതിഫലിച്ചു. ജനങ്ങള്‍ക്ക് അധികാരമുണ്ടെന്നും സമഗ്രവും സമൂലവുമായ പരിവര്‍ത്തനത്തിന് ജനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പ്രകൃതിയെ ധ്വംസിക്കുന്ന ഒരു പ്രവര്‍ത്തനവും ജനങ്ങള്‍ അനുവദിച്ചുകൂടാ. അവരാണ് പ്രകൃതിയുടെ കാവലാള്‍.’ കേരള സന്ദര്‍ശനത്തിനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു! ‘സന്ദര്‍ശിക്കുന്നതിന് സന്തോഷമേയുള്ളൂ. നാടന്‍ ഭക്ഷണം കഴിച്ചും പ്രകൃതി ഭംഗി കണ്ടും കേരളത്തില്‍ സമയം ചെലവഴിക്കണമെന്നുണ്ട്. ആരോഗ്യവും ചുറ്റുപാടും മെച്ചപ്പെടട്ടെ. വരാം .’

സന്ദര്‍ശനം ഒരു നവ്യാനുഭവമായി. യാത്രപറഞ്ഞു പടിയിറങ്ങുമ്ബോഴും കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.