Ultimate magazine theme for WordPress.

പെട്രോൾ, ഡീസൽ വില കുറച്ച് പഞ്ചാബ്; നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനം

0

ദില്ലി: പഞ്ചാബിൽ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിൻറെ മൂല്യവർദ്ധിത നികുതി 10 രൂപ കുറച്ചു. ഡീസലിന് അഞ്ചുരൂപയും കുറച്ചു. ഇതോടെ ഡീസലിന് 84 രൂപയും പെട്രോളിന് 96 രൂപയുമാകും. ഇന്ന് അർധരാത്രി മുതൽ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.

എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.

- Advertisement -

എൻഡിഎ ഇതര സംസ്ഥാനങ്ങളിൽ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായിട്ടുള്ളു.ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറയ്‌ക്കേണ്ടന്ന നിലപാടിലാണ് പൊതുവേ പ്രതിപക്ഷ പാർട്ടികളുടേത്. 18 മാസത്തിനിടെ മാത്രം 35 രൂപയുടെ വർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമല്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ.

പെട്രോൾ, ഡീസൽ വില രാജ്യത്ത് വരുന്ന മാസങ്ങളിൽ കുതിച്ചുയരുമെന്നാണ് ഊർജ്ജ വിദഗ്ധരുടെ അഭിപ്രായം. ഉപഭോഗം കൂടിയതുകൊണ്ടാണ് കേന്ദ്രം എക്സൈസ് നികുതിയിൽ ഇളവ് വരുത്തിയതെന്നും ഊർജ്ജ രംഗത്തെ വിദഗ്ധൻ നരേന്ദ്ര തനേജ അഭിപ്രായപ്പെട്ടു. ഇന്ത്യ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

- Advertisement -

Leave A Reply

Your email address will not be published.