ലണ്ടൻ: ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സീന് ബ്രിട്ടൻറെ അംഗീകാരവും. അംഗീകൃത വാക്‌സീനുകളുടെ പട്ടികയിൽ കൊവാക്‌സീനെ ഉൾപ്പെടുത്തി. കൊവാക്‌സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ ബ്രിട്ടൻ പ്രവേശനാനുമതി നൽകിയിട്ടുണ്ട്. കൊവാക്‌സീൻ എടുത്തവർക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നൽകുവെന്നായിരുന്നു ബ്രിട്ടൻറെ മുൻ നിലപാട്. ലോകാരോഗ്യ സംഘടന കൊവാക്‌സിന് അംഗീകാരം നൽകിയ സാഹചര്യത്തിൽ അമേരിക്കയും പ്രവേശനാനുമതി നൽകിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. പിന്നീട് ചേർന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസമിതി പരീക്ഷണത്തിൻറെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.
- Advertisement -
അതേസമയം രാജ്യത്ത് വാക്‌സീൻ വിതരണം വൻ തോതിൽ കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാൽപ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്‌സീൻ വിതരണം തുടങ്ങിയ ജനുവരി 16 മുതൽ നവംബർ ഏഴുവരെ വരെ ഏറ്റവും കൂടുതൽ വാക്‌സീൻ നൽകിയത് സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള ഒരാഴ്ചയായിരുന്നു. ആറ് കോടി അറുപത്തിയെട്ട് ലക്ഷം ഡോസ് വാക്‌സീനാണ് അന്ന് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമായ സെപ്റ്റബർ പതിനേഴിന് മാത്രം രണ്ടര കോടി ഡോസ് വാക്‌സീൻ വിതരണം ചെയ്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ റെക്കോർഡും സ്ഥാപിച്ചു. എന്നാൽ വാക്‌സീൻ വിതരണം രാജ്യത്ത് ഇപ്പോൾ ഇഴയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ച നൽകാനായത് വെറും രണ്ട് കോടി നാൽപ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഉയർന്ന വാക്‌സീൻ വിതരണം ഒക്ടോബർ പതിനെട്ടിനാണ്. അന്ന് നൽകിയത് 91,20,000 ഡോസ്. രാജ്യത്ത് 108 കോടി ഡോസ് ഇതുവരെ വിതരണം ചെയതതിൽ 74 കോടി പേർക്ക് ആദ്യ ഡോസ് നൽകിയിപ്പോൾ രണ്ട് ഡോസും നൽകാനായത് 34 കോടി പേർക്കാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 16 കോടി ഡോസ് വാക്‌സീൻ വിതരണം ചെയ്യാതെ ഇരിക്കുന്നുണ്ടെന്നാണ് ശനിയാഴ്ച വരെയുള്ള കണക്കുകൾ.
- Advertisement -