Ultimate magazine theme for WordPress.

ആർഎംപിയിൽ കൂട്ടരാജി; ഏരിയാ സെക്രട്ടറി ഉൾപ്പെടെ സിപിഎമ്മിൽ ചേർന്നു

0

കോഴിക്കോട്: വടകര ആർ.എം.പിയിൽ കൂട്ടരാജി. ഏരിയാ സെക്രട്ടറി ഉൾപ്പെടെ 16 കുടുംബങ്ങൾ മാതൃസംഘടനയായ സിപിഎമ്മിൽ തിരിച്ചെത്തി. ആർഎംപി വടകര ഏരിയാ സെക്രട്ടറിയും ആർഎംപി ജില്ലാ സെക്രട്ടറിയറ്റ് മെമ്പറുമായിരുന്ന കെ. ലിനീഷ്, ആർഎംപിയുടെ സ്ഥാപകാംഗവും ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവുമായ ഇ പി രാജേഷ് (ചിണ്ടൻ, ഓർക്കാട്ടേരി ), രാജീവൻ മണ്ടോടി ഉൾപ്പെടെയുള്ളവരാണ് രാജിവെച്ച പ്രമുഖർ.

ടി.പി. ബബിഷ് (മണിയൂർ എൽസി), ജിതിൻ ജയരാജ് (കുറിഞ്ഞാലിയോട്), ബാബു കല്ലറക്കൽ(മുയിപ്ര), അശോകൻ എൻ കെ (ഓർക്കാട്ടേരി ), അനീഷ് ചന്ദ്രോത്ത് (ഓർക്കാട്ടേരി ), സുധീഷ് കരിപ്പള്ളി (മുയിപ്ര), ശശി കരിപ്പള്ളി ( മുയിപ്ര), രാജേഷ് കരിപ്പള്ളി (മുയിപ്ര), ബാബു കണിയാൻകുനി (ഓർക്കാട്ടേരി ), ഷംസുദീൻ ചന്ദ്രോത്ത് (ഓർക്കാട്ടേരി ), ഷാജീവൻ കയ്യാല (ഒഞ്ചിയം), ലിഗേഷ് വടയക്കണ്ടി (ഒഞ്ചിയം), സീന കരിപ്പള്ളി എന്നിവരാണ് രാജിവെച്ച മറ്റ് സജീവ പ്രവർത്തകർ.

- Advertisement -

കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ആർഎംപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് രാജിവെയ്ക്കാൻ കാരണമെന്നാണ് പ്രവർത്തകർ പറയുന്നത്. എന്നാൽ കുറെ കാലമായി സജീവമല്ലാത്തവരാണ് രാജിവെച്ചതെന്ന നിലപാടിലാണ് ആർ.എം.പി. സിപിഎം കുറെ കാലമായി ആർഎംപി പ്രവർത്തകരോട് തുടരുന്ന മൃദുസമീപനമാണ് പ്രവർത്തകരെ മാതൃസംഘടനയിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. യഥാർത്ഥ ഇടതുപക്ഷമെന്ന് പറഞ്ഞിട്ട് യുഡിഎഫ് പിന്തുണയോടെ കെ കെ രമ എംഎൽഎയായതും അതിന് ശേഷം അവർ പൂർണ്ണമായും വലത് പക്ഷമായി പ്രവർത്തിക്കുന്നതും ആർഎംപിയിലെ പല പ്രവർത്തകരിലും എതിർപ്പുണ്ടാക്കുന്നുണ്ടെന്നും രാജിവെച്ചവർ പറയുന്നു വരും ദിവസങ്ങളിൽ ഒഞ്ചിയം മേഖലയിൽനിന്ന് കൂടുതൽ പേർ ആർഎംപി ബന്ധം ഉപേക്ഷിക്കുമെന്ന് രാജിവെച്ചവർ പറഞ്ഞു.

നാദാപുരം റോഡിലെ എകെജി മന്ദിരത്തിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ആർഎംപിയിൽ നിന്ന് രാജിവെച്ചവരെ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരൻ, പി കെ ദിവാകരൻ, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷത വഹിച്ചു.

- Advertisement -

Leave A Reply

Your email address will not be published.