ക്രെഡിറ്റ് കാർഡ് മുഖേനയുള്ള ഇഎംഐ പേയ്മെന്റുകൾക്ക് പ്രോസസിംഗ് ഫീയും നികുതിയും ഏർപ്പെടുത്താനൊരുങ്ങി എസ്ബിഐ
ക്രെഡിറ്റ് കാർഡ് മുഖേനയുള്ള ഇഎംഐ പണമിടപാടുകൾക്ക് നികുതിയും പ്രോസസിംഗ് ഫീസും ഈടാക്കുമെന്ന് എസ്ബിഐ. 99 രൂപ പ്രോസസിംഗ് ഫീസും അതിൽ നിന്നുള്ള നികുതിയും ഈടാക്കുമെന്നാണ് എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചത്. 2021 ഡിസംബർ 1 മുതൽ ഈ പുതിയ നിയമം ബാധകമാകും. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ആമസോൺ, ഫ്‌ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും നടത്തുന്ന പ്രതിമാസ ഇഎംഐ പണമിടപാടുകൾക്ക് ഈ പ്രോസസിംഗ് ഫീ ബാധകമായിരിക്കും.
ഇത് സംബന്ധിച്ച അറിയിപ്പ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നവംബർ 12 ന് അയച്ചതായി എസ്ബിഐ അറിയിക്കുന്നു. ഉത്പന്നങ്ങൾ പ്രതിമാസ ഇഎംഐയിൽ വാങ്ങുന്നതിന് നൽകേണ്ടി വരുന്ന പലിശയ്ക്ക് പുറമെയാണ് ഈ പ്രോസസിംഗ് ഫീ ഈടാക്കുക. നിലവിൽ ലക്ഷക്കണക്കിന് പൗരന്മാർ പണമിടപാടുകൾക്കായി ഇഎംഐ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ പല മെർച്ചന്റുകളും ഇഎംഐ പണമിടപാടിൽ കിഴിവുകൾ നൽകാറുണ്ട്. ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് നൽകേണ്ടി വരുന്ന പലിശ ബാങ്കിന് നൽകിക്കൊണ്ടാണ് വിൽപ്പനക്കാർ ഡിസ്‌കൗണ്ടുകൾ നൽകുക. എന്നാൽ ഇത്തരം സന്ദർഭങ്ങളിലും ഡിസംബർ 1 മുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രോസസിംഗ് ഫീ അടയ്ക്കേണ്ടി വരുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
- Advertisement -
പ്രതിമാസ ഇൻസ്റ്റാൾമെന്റുകൾക്ക് മാത്രമായിരിക്കും ഈ ഫീ ബാധകമാവുക എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇഎംഐ ഇടപാട് റദ്ദാവുകയോ പരാജയപ്പെടുകയോ ചെയ്താൽ പ്രോസസിംഗ് ഫീ തിരികെ ലഭിക്കും. എന്നാൽ, ഇഎംഐ മുൻകൂറായി അവസാനിപ്പിച്ചാൽ പ്രോസസിംഗ് ഫീ തിരികെ ലഭിക്കില്ല. ഏതെങ്കിലും റീട്ടെയിൽ ഷോപ്പിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിയാൽ നൽകുന്ന ചാർജ് സ്ലിപ്പിലൂടെ ഇഎംഐ ഇടപാടുകൾക്ക് ബാധകമായ പ്രോസസിംഗ് ഫീസിനെക്കുറിച്ച് കമ്ബനി ഉപഭോക്താക്കളെ അറിയിക്കും. ഓൺലൈൻ ഇഎംഐ ഇടപാടുകൾ നടത്തിയാൽ മെർച്ചന്റിന്റെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഡിസംബർ 1 ന് മുമ്ബ് ഇഎംഐ പണമിടപാട് നടത്തുകയും ഡിസംബർ 1 ന് ശേഷം പണം അടച്ചു തുടങ്ങുകയും ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് പ്രോസസിംഗ് ഫീ ഈടാക്കില്ല. അത്തരക്കാർക്ക് പഴയ നിയമം തന്നെയായിരിക്കും ബാധകം.
‘ഇൻഡസ്ട്രിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ളതാണ് ഇപ്പോൾ എസ്ബിഐസിപിഎസ്എൽ പ്രഖ്യാപിച്ചിട്ടുള്ള പ്രോസസിംഗ് ഫീ. മറ്റു മുൻനിര സ്വകാര്യ ബാങ്കുകൾ എത്രയോ കാലമായി ഈ പ്രോസസിംഗ് ഫീ ഈടാക്കി വരുന്നുണ്ട്’, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു റീട്ടെയിൽ ബാങ്കർ മണികൺട്രോളിനോട് പറഞ്ഞു. എങ്ങനെയാണ് ഈ പുതിയ നിയമം പ്രവർത്തിക്കുക? എസ്ബിഐയുടെ ഇഎംഐ പദ്ധതി പ്രകാരം നിങ്ങൾ ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിൽ നിന്ന് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു മൊബൈൽ ഫോൺ വാങ്ങിയെന്ന് കരുതുക. എങ്കിൽ, പണമിടപാട് തുടരാൻ എസ്ബിഐസിപിഎസ്എൽ 99 രൂപ അധികമായി ഈടാക്കും. കൂടാതെ അതിനുള്ള നികുതിയും ഈടാക്കും. എസ്ബിഐയുടെ ഈ നീക്കം ‘ബയ് നൗ, പേ ലേറ്റർ’ പദ്ധതികളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
- Advertisement -