ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കെപിസിസി പുനഃസംഘടനയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അതൃപ്തി.
- Advertisement -
പുനഃസംഘടന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണും. രാവിലെ 11.30 നാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്. എഐസിസി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുമെന്നാണ് സൂചന. വിപുലമായ പുനഃസംഘടന പാടില്ലെന്ന് നവംബർ രണ്ടിന് ചേർന്ന കെപിസിസി നേതൃയോഗത്തിൽ എ,ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇത് തള്ളി. ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ഇതിനെ ശക്തമായി എതിർക്കുകയാണ്.
എഐസിസി ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടക്കുക. സ്വാഭാവികമായും എഐസിസി തലത്തിലേക്ക് തെരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. അതിനാൽത്തന്നെ നിലവിലെ പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മൻ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക.
കുറച്ചുനാൾ മുൻപ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടന നിർത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.
- Advertisement -