നടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു. കോയമ്പത്തൂര്‍ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവർ അയ്യയെ നടൻ അപമാനിച്ചെന്ന് ഹിന്ദു മക്കൾ കക്ഷി ആരോപിച്ചിരുന്നു. തേവർ സമുദായത്തിന്‍റെ ഉന്നതനേതാവായിരുന്നു പാസുംപൺ മുത്തുരാമലിംഗ തേവർ. പിന്നാലെ ആയിരുന്നു അര്‍ജുന്‍ സമ്പത്തിന്റെ ട്വീറ്റ്.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാൽ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഈയാഴ്ച ആദ്യം വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീൻഷോട്ടടക്കമുള്ള പോസ്റ്ററാണ് അർജുൻ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ടത്.