Ultimate magazine theme for WordPress.

കാർഷിക നിയമങ്ങള്‍ പിൻവലിക്കാൻ കേന്ദ്രമന്ത്രിസഭ; താങ്ങുവിലയിൽ കർഷക അനുകൂല തീരുമാനവുമുണ്ടായേക്കും

0

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് കൂടുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും.  മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ  ഒരു ബില്ലാകും കൊണ്ടുവരികയെന്നാണ് റിപ്പോർട്ട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയേക്കുമെന്നാണ് വിവരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെന്‍റിന്‍റെ അംഗീകാരം നേടണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പാർലമെന്‍റിലേക്കടക്കം പ്രഖ്യാപിച്ച ട്രാക്ടർ മാർച്ച് ഉൾപ്പെടെയുള്ള തുടർസമരങ്ങളുടെ കാര്യത്തിൽ കേന്ദ്രമന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കർഷകർ നിലപാട് പ്രഖ്യാപിക്കുക.

അതേസമയം കര്‍ഷകരുടെ രോഷം അവസാനിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകൾ കേന്ദ്രതലത്തിൽ പുരോഗമിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കര്‍ഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്‍റെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. ഈക്കാര്യങ്ങളിൽ കൃഷിമന്ത്രാലയത്തിൽ കൂടിയാലോചനകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

- Advertisement -

ഇതിനിടെ നിയമങ്ങളുമായി ബന്ധപ്പെട്ട്  ബി ജെ പി പ്രവർത്തകരെ കുറ്റപ്പെടുത്തി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി രംഗത്തെത്തി. നിയമങ്ങളെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിൽ ബി ജെ പി പ്രവർത്തകർ പരാജയപ്പെട്ടതാണ് നിയമങ്ങൾ റദ്ദാക്കാൻ കാരണമെന്നാണ് പ്രതികരണം. കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള ശ്രമങ്ങളിൽ കർഷകർ തൃപ്തരല്ലെന്നും ഉമാ ഭാരതി പ്രതികരിച്ചു.

ഇതിനിടെ ലഖിംപൂർ ഖേരി സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഐജി, ഡിജിപി സമ്മേളനത്തിന്റെ അവസാന ദിവസം പങ്കെടുത്തില്ലെന്ന് റിപ്പോർട്ടുകൾ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. 3 ദിവസത്തെ യോഗത്തിൽ അവസാന ദിവസമായ ഞായറാഴ്ച അജയ് മിശ്ര വിട്ടു നിന്നതായുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്. അജയ് മിശ്രയോടൊപ്പം വേദി പങ്കിടരുതെന്ന് പ്രിയങ്ക ഗാന്ധി (Priyanka Gandhi) ശനിയാഴ്ച പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ആവശ്യ പെട്ടിരുന്നു. അജയ് മിശ്രയെ മാറ്റിനി‍ർത്തിയതാണെന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.