ഞങ്ങളുടെ സ്ഥാനാര്‍ത്ഥി മോദി, നിങ്ങള്‍ക്ക് ആരുണ്ട്? പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബി ജെ പി, മമതയുടെ ഡല്‍ഹി സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഒരു പ്രത്യേക ലക്ഷ്യമെന്നും ആരോപണം
കൊല്‍ക്കത്ത: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നിര്‍ത്താമോ എന്ന് പശ്ചിമ ബംഗാള്‍ ബി ജെ പി അദ്ധ്യക്ഷന്‍ സുകന്ത മജുംദാര്‍.
ബി ജെ പി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയാണ്, നിങ്ങള്‍ക്ക് ആരുണ്ട് എന്നും മജുംദാര്‍ ചോദിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജ്യ തലസ്ഥാനത്ത് എത്തിയ മമത ബാനര്‍ജി, പ്രധാനമന്ത്രി അടക്കമുള്ള വിവിധ നേതാക്കന്മാരെ ഡല്‍ഹിയില്‍ വച്ച് കാണുന്നുണ്ട്. നാളെ വരെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം.
ഒരു സംസ്ഥാന മുഖ്യമന്ത്രിയായ മമത ഡല്‍ഹി സന്ദര്‍ശിക്കുന്നതും പ്രധാനമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കാണുന്നതും സ്വാഭാവികമാണെങ്കിലും അടിക്കടി അവര്‍ തലസ്ഥാനത്തേക്ക് സന്ദര്‍ശനം നടത്തുന്നത് മറ്റ് ചില ലക്ഷ്യങ്ങള്‍ കണ്ടുകൊണ്ടാണെന്നും മജുംദാര്‍ പറഞ്ഞു. ദേശീയ തലത്തില്‍ പുതിയൊരു പാര്‍ട്ടി രൂപീകരിക്കാനാണ് മമതയുടെ ലക്ഷ്യമെന്നും അതിനായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഇടക്കിടെ ഡല്‍ഹി സന്ദര്‍ശനം നടത്തുന്നതെന്നും മജുംദാര്‍ വ്യക്തമാക്കി. തന്റെ പാര്‍ട്ടിയിലുള്ള നേതാക്കന്മാരെ ചര്‍ച്ചക്ക് എന്ന് രീതിയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതും ഈയൊരു ലക്ഷ്യം മുന്‍കൂട്ടി കണ്ടു കൊണ്ടാണെന്ന് മജുംദാര്‍ ആരോപിക്കുന്നു.
മമതയാണ് അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അത് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കണമെന്നും മജുംദാര്‍ കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയായിരിക്കും. പ്രതിപക്ഷത്തിന്റേത് ആരാണെന്ന് അവര് പറയണം. എന്നാല്‍ തൃണമൂല്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഒരക്ഷരം മിണ്ടാതെ വാമൂടി ഇരിക്കുകയാണെന്ന് മജുംദാര്‍ ആരോപിച്ചു.