Ultimate magazine theme for WordPress.

5000 ഹെക്ടറില്‍ 29,560 കോടിയുടെ പദ്ധതി; രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഇന്ന് ശിലയിടും

0

നോയിഡ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഉത്തർപ്രദേശിലെ നോയിഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശിലയിടും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. മൊത്തം നിർമാണപ്രവർത്തനം പൂർത്തിയാവുമ്പോൾ എട്ടു റൺവേകളുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജേവാർ മാറും. രണ്ടുവർഷത്തിനുള്ളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

മൊത്തം 10,500 കോടി രൂപ മുതൽമുടക്കിൽ 1300 ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം. വർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടമെന്ന് അധികൃതർ പറഞ്ഞു. മൊത്തം 5000 ഹെക്ടറിലാണ്‌ വിമാനത്താവളം വികസിപ്പിക്കുന്നത്‌. ഇതിനായി 29,560 കോടി രൂപ മുതൽമുടക്കും. വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിർമിക്കുന്നുണ്ട്. സൂറിക് എയർപോർട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിർമാണക്കരാർ. യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (നിയാൽ) എന്നിവയാണ് കരാർ പങ്കാളികൾ.

- Advertisement -

നിർമാണം പൂർത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യു.പി മാറുമെന്നതാണ് മറ്റൊരു പ്രത്യേകത. ലഖ്‌നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന യു.പിയിൽ കഴിഞ്ഞ മാസം കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം പുരോഗമിക്കുന്നു. നിലവിലുള്ള താജ് എക്സ്പ്രസ് വേ ജേവാർ വിമാനത്താവളവുമായി റോഡ് മാർഗം ബന്ധിപ്പിക്കുമെന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാവും. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പദ്ധതി ഗുണം ചെയ്യും. ഗ്രേറ്റർ നോയിഡയിലേക്ക് 45 കിലോമീറ്ററാണ് ജേവാറിൽ നിന്നുള്ള ദൂരം. താജ് എക്സ്പ്രസ്വേയിലൂടെ സഞ്ചരിച്ചാൽ 45 മിനിറ്റാണ് യാത്രാദൂരം.

വ്യവസായ വികസനത്തിനും ടൂറിസത്തിനും വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് ഈ വിമാനത്താവളം. ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്സ് ഗേറ്റ്‌ വേയായി വിമാനത്താവളം മാറുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാക്കുന്നത്. വ്യാവസായിക ഉത്‌പന്നങ്ങളുടെ തടസ്സമില്ലാതെയുള്ള സഞ്ചാരം സാധ്യമാകുന്നതോടെ വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യാവസായിക വളർച്ചയ്ക്കും വഴിയൊരുങ്ങും.

- Advertisement -

Leave A Reply

Your email address will not be published.