Ultimate magazine theme for WordPress.

ബാലരാമപുരത്ത് വീണ്ടും കിണ‍ർ ഇടിഞ്ഞുതാണു, നാല് പേ‍ർ അത്ഭുതകരമായി രക്ഷപ്പെട്ടു

0

തിരുവനന്തപുരം: ബാലരാമപുരത്ത് പുല്ലൈകോണം, പരുത്തിമഠം റോഡിലെ സ്പിന്നിംഗ് മില്ലിന്റെ കിണര്‍ ഇടിഞ്ഞ് താണു കിണറില്‍ മോട്ടോര്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന നാല്‌പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെവ്വാഴ്ച് ഉച്ചക്ക് സ്പിന്നിംഗ്മില്ലിന്റെ കിണറില്‍ മോട്ടോര്‍ തകരാ‍‍ർ പരിഹരിക്കുന്നതിനായി നാല് ജോലിക്കാര്‍ നില്‍ക്കുമ്പോഴാണ് വലിയ ശബ്ദത്തില്‍ കിണര്‍ ഇടിഞ്ഞ് താണത്.

പരുത്തിമഠം റോഡ് പൂര്‍ണ്ണായും തകര്‍ന്ന നിലയിലാണ്. റോഡ് തകര്‍ന്ന് സമീപത്തെ വീടിന്റെ മതിലും അപകടാവസ്ഥയിലായി. നാല്‍പതടിയിലെറെ താഴ്ചയുള്ള കിണറിന്റെ കരിങ്കല്ലില്‍ നിര്‍മ്മിച്ച ചുറ്റുമതിലും ഇടിഞ്ഞ് താണു. മണിക്കൂറുകള്‍ക്കുള്ളിൽ കിണറിന് സമീപമുള്ള സ്ഥലങ്ങളും വെള്ളം കയറി ഇടിഞ്ഞ് കൊണ്ടിരിക്കുന്നതും നാട്ടുകാരില ഭീതിക്കിടയാക്കി.

- Advertisement -

കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞ് താഴുന്നതോടെ റോഡ് അപകടവസ്ഥയിലായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സംഘവുമെത്തി. ജെസിബി വരുത്തി ഇടിഞ്ഞ് താണ റോഡിന്റെ അടിവശം പൂര്‍ണമായും മണ്ണുമാന്തി അപകടം ഓഴിവാക്കാനുള്ള നടപടി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്റെ നേതൃത്വത്തില്‍ നടത്തി. അരണിക്കൂറിലെറെ പരിശ്രമിച്ച് മണ്ണ് നീക്കം ചെയ്‌തോടെ കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞ് താഴുന്നതിന് താല്‍ക്കാലിക പരിഹാരമായി.

പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനനും പഞ്ചായത്ത് മെമ്പര്‍ ഫെഡറിക് ഷാജിയും തുമ്പയുമെടുത്ത് മണ്ണ് വെട്ടുന്നതിനായി ഇറങ്ങിയതോടെ നാട്ടുകാരും സഹായത്തിനെത്തി. അപകട സ്ഥലത്തെത്തിയ ഫയ‍ഫോഴ്സ് നോക്കിനിൽക്കുക മാത്രമാണ് ചെയ്തതെന്ന് വിമര്‍ശിച്ചാണ് സഹായത്തിനെത്തിയ നാട്ടുകാ‍‍ർ പലരും മടങ്ങിയത്.

നാട്ടുകാരുടെ നേതൃത്വത്തില്‍ കിണറിന് ചുറ്റും കയര്‍ കെട്ടി സംരക്ഷണമൊരുക്കി. കിണറിന് സമീപത്തെ വീടും അപകട സാധ്യതയിലാണ്. കിണറിനരികിലെ ചുറ്റുവശങ്ങളിലെ സ്ഥലങ്ങളും ഇടിഞ്ഞ് കൊണ്ടിരിക്കുന്നതും ആശങ്കക്കിടയാക്കുന്നുണ്ട്. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനനും വൈസ് പ്രസിഡന്റ് ഷമീലാ ബീവിയും പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഒരാഴ്ച മുമ്പ് ഇതിന് സമീപത്തുള്ള ഹാന്റക്‌സ് പ്രോസസിംഗ് ഹൗസിന്റെ കിണര്‍ ഇടിഞ്ഞ് താണിരുന്നു. കിണര്‍ ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തെ കുറിച്ച് പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.