മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അറിയിപ്പ്’ . കുഞ്ചാക്കോ ബോബനാണ് അറിയിപ്പ് ചിത്രത്തില്‍ നായകനാകുന്നത്. കുഞ്ചാക്കോ ബോബൻ ഉള്‍പ്പടെയുള്ളവര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഇപോഴിതാ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ തിരക്കഥയുടെ ഡ്രാഫ്റ്റിന്റെ ആദ്യ പേജ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലൂടെ രാജ്യത്തൊട്ടാകെ പേരുകേട്ട സംവിധായകനായി മാറിയിരുന്നു മഹേഷ് നാരായണൻ. ‘ടേക്ക് ഓഫി’ല്‍ കേന്ദ്ര കഥാപാത്രമായി എത്തിയവരില്‍ ഒരാള്‍ കുഞ്ചാക്കോ ബോബനാണ്. മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളിലാണ്. ‘അറിയിപ്പ്’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഉടൻ തുടങ്ങുമെന്ന് സൂചനയായിട്ടാണ് പ്രേക്ഷകര്‍ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഫോട്ടോയെ കാണുന്നതും.
മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ ‘മാലിക്’ ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘സി യു സൂണെ’ന്ന ചിത്രവും മഹേഷ് നാരായണൻ സംവിധാനം ചെയ്‍തിട്ടുണ്ട്. കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്. ‘എന്താടാ സജീ’ എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്. ചിരിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്. ‘എന്താടാ സജീ’ എന്ന ചിത്രത്തില്‍ ജയസൂര്യ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.