വാഷിങ്ടൻ; യുഎസിൽ ഒമിക്രോൺ കേസുകളുടെ അതിവേഗ വര്‍ധന. ഈ ആഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 73 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. യുഎസില്‍നിന്നുള്ള കണക്കു പ്രകാരം കഴിഞ്ഞ ആഴ്ച ഇതു വെറും മൂന്ന് ശതമാനമായിരുന്നു. അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം രാജ്യത്തു സ്ഥിരീകരിച്ചതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷൻ പ്രതികരിച്ചു.
- Advertisement -
കഴിഞ്ഞ ആഴ്ചവരെ വ്യാപനത്തിൽ മുന്നിൽനിന്നിരുന്ന ഡെൽറ്റ വകഭേദത്തിന്റെ വ്യാപന തോത് ഇപ്പോൾ 27 ശതമാനമാണ്. ഒമിക്രോണ്‍ കാരണം വീണ്ടും അതിവേഗ വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണു രാജ്യം. ഒമിക്രോൺ, രോഗികളെ ഡെൽറ്റയെക്കാൾ ഗുരുതരമായ അവസ്ഥയിലെത്തിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ല. എന്നാൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ആശുപത്രികളിൽ ഇടമില്ലാതാകും.
ഒമിക്രോൺ രോഗികളുടെ എണ്ണത്തിലെ വർധന പ്രതീക്ഷിച്ചതാണെന്നും ലോകത്താകമാനം സമാനമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ടെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷൻ പ്രതികരിച്ചു. യുഎസിലെ ചില പ്രദേശങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളെല്ലാം ഒമിക്രോണ്‍ ആണ്. ന്യൂയോർക്കിലും ന്യൂജഴ്സിയിലും 92 ശതമാനമാണ് ഒമിക്രോണിന്റെ വർധന. വാഷിങ്ടനിൽ 96 ശതമാനം.
ഒമിക്രോണിനെതിരെ ബൂസ്റ്റർ ഡോസ് വാക്സീന്‍ സ്വീകരിക്കണമെന്ന് യുഎസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഒമിക്രോണ്‍ ബാധിച്ച് യുഎസിലെ ആദ്യ മരണം ടെക്സസിൽ റിപ്പോർട്ട് ചെയ്തു. വാക്സീൻ എടുത്തിട്ടില്ലാത്ത മധ്യവയസ്കനാണു മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വിഭാഗം അറിയിച്ചു.
- Advertisement -