Ultimate magazine theme for WordPress.

നിയന്ത്രണം കടുപ്പിക്കണം, വാക്‌സിനേഷൻ കൂട്ടണം; ഒമിക്രോണിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

0

 

 

 

 

ദില്ലി: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശം. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കൊവിഡ്, വാക്‌സിനേഷൻ കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശം നൽകി. ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന ഒമിക്രോൺ കേസുകൾ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കണം. ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികൾ സ്വീകരിക്കേണ്ടതെന്നും കേന്ദ്രം നിർദ്ദേശിച്ചു.

- Advertisement -

രാജ്യത്തെ ഒമിക്രോൺ സാഹചര്യം ഇന്ന് പ്രധാനമന്ത്രി വിലയിരുത്തും. ഡൽറ്റ വകഭേദത്തേക്കാൾ മൂന്നിരിട്ടി വ്യാപന ശേഷിയുള്ളതിനാൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയവും നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടപ്പാക്കിയ കാര്യങ്ങൾ വൈകുന്നേരം ആറരക്ക് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി അവലോകനം ചെയ്യും. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നത്. അർഹരായ ജനസംഖ്യയിൽ അറുപത് ശതമാനം പേർക്ക് വാക്‌സീൻ നൽകിയ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് ആവശ്യം അവലോകന യോഗത്തിലുയരാനിടയുണ്ട്. അതേ സമയം ബൂസ്റ്റർ ഡോസിനായി രണ്ട് വാക്‌സീൻ കമ്പനികൾ നൽകിയ അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചില്ല. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ ഇ എന്നീ കമ്പനികൾ നൽകിയ അപേക്ഷയിൽ കൂടുതൽ മരുന്ന് പരീക്ഷണത്തിൻറെ കൂടുതൽ വിവരങ്ങൾ നൽകാൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.