മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിലാണ് ഹൃദയസ്പർശിയായ കുറിപ്പ് കുഞ്ചാക്കോ പങ്കുവച്ചത്.
കുഞ്ചാക്കോയുടെ വാക്കുകൾ
- Advertisement -
പിറന്നാൾ ആശംസകൾ അപ്പാ..ഈ വർഷം അച്ഛന് ആശംസകൾ നേരുന്നതിൽ ചെറിയ പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആൺകുട്ടിയിൽ നിന്ന്…സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത മനുഷ്യനിലേക്ക്…സിനിമയിൽ ഒരു വർഷം പോലും തികയ്ക്കുമെന്ന് ചിന്തിക്കാത്ത ഒരു ആൺകുട്ടിയിൽ നിന്ന്…സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പുരുഷനിലേക്ക്…ഉദയ എന്ന പേര് വെറുത്ത ആൺകുട്ടിയിൽ നിന്ന്…അതേ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്ന പുരുഷനിലേക്ക്… അപ്പാ….അഭിനയത്തോടും സിനിമയോടുമുള്ള സ്നേഹവും അഭിനിവേശവും ഞാൻ പോലും അറിയാതെ അങ്ങാണ് എന്നിലേക്ക് പകർന്നത്. ഞാൻ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച കാര്യങ്ങളിൽ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാൻ ഇപ്പോഴും നിങ്ങളിൽ നിന്ന് പഠിക്കുന്നു!!! ഇരുളിൽ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാൻ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്നും അവിടേക്ക്.
അച്ഛനൊപ്പമുള്ള മനോഹര ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവച്ചിട്ടുണ്ട്. അതേസമയം, അഷ്‍റഫ് ഹംസ സംവിധാനം ചെയ്‍ത ‘ഭീമന്‍റെ വഴി’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മഹേഷ് നാരായണന്റെ അറിയിപ്പ്, അജയ് വാസുദേവിന്റെ പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളാണ് കുഞ്ചാക്കോയുടേതായി ഇനി വരാനിരിക്കുന്നത്.
- Advertisement -