ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മുവായിരം കടന്നു. 3007 പേര്‍ക്കാണ് ഇന്നലെ വരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഒമൈക്രോണ്‍ ബാധിതര്‍ കൂടുതല്‍-876. ഇതില്‍ 381 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ 465 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. 57 പേര്‍ ഡല്‍ഹിയില്‍ ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കര്‍ണാടകയില്‍ 333 പേര്‍ക്കും രാജസ്ഥാനില്‍ 291 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ 284 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലാ്ണ് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
- Advertisement -
മൂന്നാം തരംഗം തീവ്രം
മൂന്നാം തരംഗം തീവ്രമായതോടെ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 1,17,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കവിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 30,836 പേരാണ് രോഗമുക്തി നേടിയത്. 302 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു.
നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 3,71,363 ആണ്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 4,83,178 ആയി.
മഹാരാഷ്ട്രയില്‍ അതി വ്യാപനം
24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 36,265 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍. മുംബൈയില്‍ കോവിഡ് ബാധിതര്‍ 20,000 കടന്നു. 20,181 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക് 29.90 ശതമാനമാണ്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് മുംബൈയില്‍ കോവിഡ് കേസുകളില്‍ 33 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ കേസുകളില്‍ 85 ശതമാനം പേര്‍ക്കും യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. 1170 പേര്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
തമിഴ്‌നാട്ടില്‍ പുതുതായി 6983 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 22,828 പേര്‍ ചികിത്സയില്‍ കഴിയുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
- Advertisement -