നടൻ ദിലീപിനെ കുറിച്ച് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ ഒമര്‍ ലുലു. തന്റെ പോസ്റ്റിനും കമ്മന്റുകൾക്കും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നതെന്ന് സംവിധായകൻ കുറിച്ചു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും വ്യക്തിയെ അല്ലെന്നും ഒമർ വ്യക്തമാക്കുന്നു. പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് പറയുന്നുവെന്നും ഒമർ കുറിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ നടനെന്ന രീതിയില്‍ ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാൽ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നും പറഞ്ഞു കൊണ്ടായിരുന്നു ഒമൽ ലുലു കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
- Advertisement -
ഒമർ ലുലുവിന്റെ പുതിയ പോസ്റ്റ്
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമ്മന്റും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നത്.
1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല)
2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവൽക്കരിച്ചിട്ട് ഇല്ലാ മനുഷ്യൻ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് “സത്യം ജയിക്കട്ടെ”.
3) കമ്മന്റിൽ ക്ളിപ്പ് കാണിലേ എന്ന് ഞാന്‍ചോദിച്ചത് ക്ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്.
നമ്മുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്ന ദൃശ്യം നമ്മൾ കാണാൻ നിൽക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് 🙏.
#സത്യംജയിക്കട്ടെ
ഒമര്‍ ലുലുവിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ്
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് “സത്യം ജയിക്കട്ടെ“.
ഈ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ‘പിന്നെ കൊട്ടേഷൻ കൊടുത്ത് ഒരു സ്ത്രീയെ ഉപദ്രവിക്കുക, അതിന്റെ ക്ലിപ്പ് എടുപ്പിക്കുക എന്നത് ഒക്കെ അറിയാതെ പറ്റുന്ന തെറ്റ് ആണല്ലോ…അതിൽ എന്ത് സാഹചര്യം ആണ് മനസിലാക്കേണ്ടത്’, എന്നായിരുന്നു ഒരാളുടെ ചോദ്യം.
ഗോവിന്ദചാമിയുമായി ദിലീപിനെ താരതമ്യം ചെയ്യരുതെന്നും കമന്റായി ഒമർ കുറിച്ചിരുന്നു. “ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡന കേസിൽ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു എന്നെ സ്കൂൾ കാലഘട്ടം മുതൽ ഒരുപാട് inspire ചെയ്ത വ്യക്തിയാണ് ദിലീപ് പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാന്‍ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ favourite ആണ്.അത്കൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്താ കൊണ്ട് പോയി വേവിക്കുക ഇവിടെ വേണ്ടാ കേസ് വിധി വരുന്ന വരെ പ്രതിയാണ് അല്ലാതെ കുറ്റക്കാരൻ അല്ലാ“ എന്നാണ് കമന്റിൽ ഒമർ കുറിച്ചത്.
- Advertisement -